തൃശൂരില്‍ ഗര്‍ഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവം; ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരേ കേസ്
തൃശൂര്‍: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരേ കേസ്. മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യ അര്‍ച്ചന(20)യാണ് മരിച്ചത്. മരിച്ച അര്‍ച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. മാട്ടുമല സ്വദേശി ഷാരോണിനും മാതാവ് രജനിക്കുമെതിരേ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി കേസെടുത്തത്.
ഇന്നലെ വൈകീട്ട് നാലുമണിയോടെ ഇവരുടെ വീടിനു പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍വെച്ച് തീ കൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് സംശയം. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവരാന്‍ ഷാരോണിന്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്. ഇന്നു രാവിലെ ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റും. സംഭവത്തില്‍ വരന്തരപ്പിള്ളി പോലിസ് അന്വേഷണം ആരംഭിച്ചു. ഷാരോണ്‍ ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണ്. പ്രണയ വിവാഹമായിരുന്നെങ്കിലും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാരോണെ ചോദ്യം ചെയ്യുന്നത്.
അര്‍ച്ചനയെ ഷാരോണ്‍ മര്‍ദിച്ചിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. അര്‍ച്ചന പഠിച്ചിരുന്ന കോളജിന്റെ മുന്‍വശത്തു വച്ച് ഷാരോണ്‍ മര്‍ദിച്ചിരുന്നു. കോളജിലെ സെക്യൂരിറ്റി ജീവനക്കാര്‍ അര്‍ച്ചനയുടെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വീട്ടുകാരുമായി സംസാരിക്കാന്‍ പോലും ഷാരോണ്‍ അര്‍ച്ചനയെ അനുവദിച്ചിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. ആറുമാസം മുന്‍പാണ് ഇവരുടെയും വിവാഹം നടന്നത്.