കൊല്ലത്ത് ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2026-03-12 02:53 GMT

കൊല്ലം: കടയ്ക്കലില്‍ നാലുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇട്ടിവ ഫില്‍ഗിരി ചരുവിള പുത്തന്‍ വീട്ടില്‍ സുബിന്റെ ഭാര്യ ശരണ്യയെ(26)ആണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിനിയായ ശരണ്യയുടേയും കൊല്ലം സ്വദേശിയായ സുബിന്റെയും പ്രണയവിവാഹമായിരുന്നു. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്.

കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ടു വന്ന അയല്‍പക്കത്തെ വീട്ടിലെ കുട്ടി ശരണ്യ താമസിക്കുന്ന വീട്ടിലേക്ക് കയറിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും കടയ്ക്കല്‍ പോലിസിനെയും വിവരമറിയിച്ചു. കടയ്ക്കല്‍ പോലിസ് കേസെടുത്തു. കൊട്ടാരക്കര തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തുടര്‍ന്ന് കണ്ണൂരിലെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.

മകളുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ശരണ്യയുടെ പിതാവ് ചന്ദ്രന്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവ് സുബിന്‍ മകളെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നുവെന്നും വിവരം ശരണ്യ മാതാവിനെ ഫോണില്‍ വിളിച്ച് പലപ്പോഴും പറയാറുണ്ടായിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. സംഭവത്തില്‍ കടയ്ക്കല്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.