പി പി ദിവ്യയെ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി

ഒഴിവാക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി

Update: 2026-01-15 11:15 GMT

തരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പി പി ദിവ്യയെ ഒഴിവാക്കി. ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് മാറ്റിയത്. മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനമാണ് നടപടി സ്വീകരിച്ചത്. ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് സിപിഎം നേരത്തെ തരം താഴ്ത്തിയിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടില്‍ ആയതിനു പിന്നാലെ ദിവ്യയെ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാതയെ തിരഞ്ഞെടുത്തു. കെ എസ് സലീഖയാണ് സംസ്ഥാന പ്രസിഡന്റ്. ഇ പത്മാവതിയെ ട്രഷററായും തിരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തുനിന്ന് സൂസന്‍ കോടിയെ നീക്കി. മൂന്നുതവണ പ്രസിഡന്റായതു കൊണ്ടാണ് ഒഴിവാക്കിയതെന്ന് വിശദീകരണം. സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും സൂസന്‍ കോടിയെ ഒഴിവാക്കിയിരുന്നു. കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു നടപടി. പി പി ദിവ്യ ആവശ്യപ്പെട്ട പ്രകാരമാണ് ദിവ്യയെ ഒഴിവാക്കിയതെന്ന് സി എസ് സുജാത വ്യക്തമാക്കി. അതിജീവിതയായ കന്യാസ്ത്രീയ്ക്ക് ആവശ്യമായ സഹായം നല്‍കും. സാമ്പത്തികമായ സഹായം നല്‍കാനും ജനാധിപത്യ മഹിളാ അസോസിയേഷന്‍ തയ്യാര്‍. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.

Tags: