തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ നഷ്ടം നികത്താന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്ധന സര്‍ചാര്‍ജ് പിരിക്കലിന് നിലവിലെ പരിധി ഒഴിവാക്കുന്ന ചട്ടഭേദഗതിക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍. സര്‍ചാര്‍ജിന് ഏര്‍പ്പെടുത്തിയിട്ടുള്ള യൂനിറ്റിന് 10 പൈസ പരിധി ഒഴിവാക്കാന്‍ കമ്മീഷനോട് കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് നിലവിലെ ചട്ടത്തില്‍ ഭേദഗതിവരുത്തുന്ന കരട് കഴിഞ്ഞ ദിവസം കമീഷന്‍ പ്രസിദ്ധീകരിച്ചത്. ഈ നിര്‍ദ്ദേശത്തെക്കുറിച്ചുള്ള തെളിവെടുപ്പ് ഡിസംബര്‍ 23ന് ഓണ്‍ലൈനായി നടക്കും. കമ്മീഷന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ഭേദഗതി കരട് സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അതേ ദിവസത്തെത്തന്നെ കമ്മീഷന്‍ സെക്രട്ടറിയെ അറിയിക്കാം.
2023ലെ കെഎസ്ഇആര്‍സി താരിഫ് നിര്‍ണയ ചട്ടത്തിലാണ് മാറ്റങ്ങള്‍ വരുന്നത്. ചട്ടഭേദഗതി നടപ്പായാല്‍ കെഎസ്ഇബി പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ ചെലവനുസരിച്ച് ഇന്ധന സര്‍ചാര്‍ജ് സ്വാഭാവികമായി ഉയരും. യൂണിറ്റിന് 20 മുതല്‍ 30 പൈസ വരെ വര്‍ധനവെത്താനിടയുണ്ടെന്നാണ് സൂചന. വേനല്‍കാലത്ത് ആവശ്യകത ഉയരുന്നതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈദ്യുതി വാങ്ങലാണ് കെഎസ്ഇബിയുടെ പ്രധാന ആശ്രയം. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനം ആവശ്യത്തിന്റെ 30 ശതമാനത്തിലും താഴെയായതിനാല്‍ പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങലിന്റെ അധികചെലവ് ഇനി നേരിട്ട് ഉപഭോക്താക്കളിലേക്കെത്തും. കഴിഞ്ഞ വര്‍ഷം 23 പൈസ സര്‍ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷന്‍ അത് അംഗീകരിച്ചിരുന്നില്ല. ഇന്ധന സര്‍ചാര്‍ജ് പരിധി നീക്കം ചെയ്യാനുള്ള ഈ നീക്കം, കേന്ദ്രം അനുവദിക്കുന്ന അധികവായ്പയുടെ മാനദണ്ഡങ്ങള്‍ പാലിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
