സംസ്ഥാനത്തെ എല്ലാ ആദിവാസി ഉന്നതികളിലും വൈദ്യുതി പ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി ഉന്നതികളിലും വൈദ്യുതി എത്തിക്കുന്ന പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആദിവാസി മേഖലകളിലെ വൈദ്യുതീകരണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയത്. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി ഒ ആര്‍ കേളുവും യോഗത്തില്‍ പങ്കെടുത്തു.
2021ല്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് 102 ആദിവാസി ഉന്നതികള്‍ക്ക് കൂടി വൈദ്യുതീകരണം ആവശ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 62 ഉന്നതികള്‍ക്ക് കെഎസ്ഇബി ഗ്രിഡ് വഴിയും 40 ഉന്നതികള്‍ക്ക് അനര്‍ട്ട് മുഖേന സോളാര്‍ വൈദ്യുതിയും നല്‍കാനായിരുന്നു പദ്ധതി. ഗ്രിഡ് വൈദ്യുതീകരണത്തിന് നിശ്ചയിച്ച 62 ഉന്നതികളില്‍ 19 എണ്ണം പുനരധിവാസത്തിന് ശുപാര്‍ശ ചെയ്ത മേഖലകളായതിനാല്‍ നിലവില്‍ അവിടങ്ങളില്‍ വൈദ്യുതി നല്‍കേണ്ടതില്ലെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് അറിയിച്ചു. ഗ്രിഡ് വഴി വൈദ്യുതീകരിക്കേണ്ട ശേഷിക്കുന്ന 43 ഉന്നതികളില്‍ 35 എണ്ണത്തില്‍ കെഎസ്ഇബി പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള എട്ട് ഉന്നതികള്‍ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ ആണ്ടവന്‍കുടി, അമ്പലപ്പടിക്കുടി, കണ്ടത്തിക്കുടി എന്നീ മൂന്ന് ഉന്നതികളിലെ പ്രവൃത്തികള്‍ ഫെബ്രുവരി 15നകം പൂര്‍ത്തിയാക്കാനും, ശേഷിക്കുന്ന അഞ്ച് ഉന്നതികളിലേക്ക് 29 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ ലൈനും അനുബന്ധ ജോലികളും ഫെബ്രുവരി 28നകം പൂര്‍ത്തിയാക്കാനും മന്ത്രിമാര്‍ കര്‍ശന നിര്‍ദേശം നല്‍കി.
ഇടുക്കി ജില്ലയിലെ ആദിവാസി ഉന്നതികളിലെ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി അടിമാലി ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറും അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസറും ഉള്‍പ്പെട്ട പ്രത്യേക സമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. അതേസമയം, കുടിശ്ശിക കാരണം വൈദ്യുതി വിച്ഛേദിക്കപ്പെട്ട പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനവും യോഗത്തിലുണ്ടായി. 30.09.2025 വരെ ഉണ്ടായിരുന്ന കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍, വീടുകളിലെ വയറിങ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 30നകം അപേക്ഷ നല്‍കാന്‍ പട്ടികവര്‍ഗ വികസന വകുപ്പിനെ ചുമതലപ്പെടുത്തി. അപേക്ഷ ലഭിക്കുന്നതോടെ വൈദ്യുതി കണക്ഷനുകള്‍ പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കെഎസ്ഇബി സ്വീകരിക്കും.
