'പോറ്റിയേ.. കേറ്റിയേ...'; പാരഡി ഗാനത്തിനെതിരേ പരാതി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍
തിരുവനന്തപുരം: 'പോറ്റിയേ.. കേറ്റിയേ...' എന്ന സ്വര്‍ണപ്പാളി വിവാദത്തിലെ പാരഡി ഗാനത്തിനെതിരേ പരാതി നല്‍കാന്‍ ഉദ്ദേശമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. പാട്ടിന്റെ പേരില്‍ പോലിസ് കേസെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ജയകുമാറിന്റെ പ്രതികരണം. വിവാദമായ സാഹചര്യത്തില്‍ പാട്ട് കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫും എന്‍ഡിഎയും ഈ ഗാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. എല്‍ഡിഎഫിന് വോട്ടുകുറയാന്‍ ഈ ഗാനം ഇടയാക്കിയെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെയാണ് തിരുവാഭരണപാത സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാല ഗാനത്തിനെതിരേ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഗാനരചയിതാവ് ജിപി കുഞ്ഞബ്ദുള്ള, ഗായകന്‍ ഡാനിഷ്, പാട്ട് ചിത്രീകരിച്ച സിഎംഎസ് മീഡിയ, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍ എന്നിവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്.