പോത്തന്‍കോട് സുധീഷ് കൊലപാതകം; പതിനൊന്നു പ്രതികളും കുറ്റക്കാരെന്ന് കോടതി

Update: 2025-04-29 06:34 GMT

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് കൊലപാതകകേസില്‍ പതിനൊന്നു പ്രതികളും കുറ്റക്കാരെന്ന് കോടതി. നെടുമങ്ങാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതിയുടേതാണ് നിരീക്ഷണം. കേസില്‍ ശിക്ഷാ വിധി പറയുന്നത് നാളേയ്ക്ക് മാറ്റി.

2021ലാണ് മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷിനെ(35) വെട്ടിക്കൊലപ്പെടുത്തിയത്. ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധിയിലുള്ള വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുമ്പോഴാണ് സുധീഷ് ക്രൂരമായി കൊല്ലപ്പെടുന്നത്. ഈ കേസില്‍ സുധീഷിന്റെ സഹോദരനടക്കം നാലുപേര്‍ അറസ്റ്റിലായിരുന്നു. ഓട്ടോറിക്ഷയിലും രണ്ട് ബൈക്കിലുമായെത്തിയ സംഘമാണ് സുധീഷിനെ ആക്രമിച്ചത്. സംഘത്തെ കണ്ട് ഓടി ബന്ധുവീട്ടില്‍ കയറിയ സുധീഷിനെ വീട്ടിനകത്തിട്ട് വെട്ടുകയായിരുന്നു. പകതീരാതെ വെട്ടിയെടുത്ത കാല്‍ റോഡിലെറിഞ്ഞശേഷമാണ് പ്രതികള്‍ അന്ന് രക്ഷപ്പെട്ടത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയായിരുന്നു കൊലപാതക കാരണം.

പ്രതികളായ പതിനൊന്ന് പേരെയും വിവിധയിടങ്ങളില്‍ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പിയായിരുന്ന എം കെ സുള്‍ഫിക്കറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.




Tags: