എസ്‌ഐആറിനെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തു; കേരള പോലിസിന്റെ ഇടപെടല്‍ ചര്‍ച്ചയിലേക്ക്

Update: 2025-12-01 09:55 GMT

തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും എസ്‌ഐആറിനെയും വിമര്‍ശിച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സംസ്ഥാന പോലിസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഫേസ്ബുക്ക് നീക്കം ചെയ്തതായി റിപോര്‍ട്ട്. മാധ്യമ പ്രവര്‍ത്തകരടക്കം പലരുടെയും അക്കൗണ്ടുകളില്‍ നിന്നുള്ള എഫ്ബി പോസ്റ്റുകളാണ് നടപടിയിലേക്ക് വന്നത്. സംസ്ഥാന പോലിസിന്റെ പരാതിയെ തുടര്‍ന്നാണ് പോസ്റ്റുകള്‍ ഒഴിവാക്കിയതെന്ന് ഫേസ്ബുക്ക് നല്‍കിയ നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കുന്നു.

ധ്രുവ് റാഠി അടക്കമുള്ള ദേശീയ തല സൈബര്‍ പ്രവര്‍ത്തകരുടെ സമാന വിമര്‍ശനങ്ങള്‍ ഇപ്പോഴും പ്ലാറ്റ്‌ഫോമില്‍ ലഭ്യമായിരിക്കെ, മലയാളി ആക്ടിവിസ്റ്റുകളുടെ പോസ്റ്റുകള്‍ മാത്രം നീക്കം ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലമാണ് നടപടിയോടുള്ള ചോദ്യങ്ങള്‍ ശക്തമാകുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ മുഖ്താര്‍ ഉദരംപൊയില്‍ പങ്കുവെച്ച പോസ്റ്റാണ് ആദ്യം ഒഴിവാക്കപ്പെട്ടത്. വോട്ട് ചോരി, ബിഹാര്‍ തിരഞ്ഞെടുപ്പ്, എസ്‌ഐആര്‍ വിവാദങ്ങള്‍ എന്നിവയെ തുടര്‍ന്ന് രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷനോടുള്ള വിമര്‍ശനശബ്ദം ഉയരുന്ന പശ്ചാത്തലത്തിലാണ് നീക്കങ്ങള്‍. എന്നാല്‍ ദേശീയ തലത്തിലുള്ള പ്രമുഖരുടെ പോസ്റ്റുകള്‍ നിലനില്‍ക്കുമ്പോഴും കേരളത്തില്‍ മാത്രം നിയന്ത്രണം പ്രവര്‍ത്തിക്കുന്നതെന്തെന്ന് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ചോദിക്കുന്നു.

ഇതോടൊപ്പം സംഘപരിവാര്‍ വിമര്‍ശകനായ ആബിദ് അടിവാരത്തിന്റെ ഫേസ്ബുക്ക് പേജും ഇന്ത്യയില്‍ ആക്‌സസ് ചെയ്യാനാകാത്തതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിനും സൈബര്‍ നിരീക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ നീക്കം സംസ്ഥാന പോലസിലെ സൈബര്‍ വിങ്ങിന്റെ നിര്‍ദേശപ്രകാരമാണെന്നതാണ് ലഭ്യമായ സൂചന. എന്നാല്‍ ഈ നടപടി ഏത് ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് നടപ്പായതെന്നതില്‍ വ്യക്തത വരേണ്ടതുണ്ടെന്നാണ് സാമൂഹിക മാധ്യമ പ്രതികരണങ്ങള്‍.

Tags: