പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറു വയസ്സുകാരന്‍ സുഹാന്‍ മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് സ്ഥിരീകരിച്ചു. കുട്ടിയുടെ ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സുഹാനെ കാണാതായതിന് ശേഷം ഏകദേശം 21 മണിക്കൂറുകള്‍ക്ക് ശേഷമാണ് വീട്ടില്‍ നിന്ന് അല്‍പ്പം അകലെയുള്ള കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായത് മുതല്‍ പോലിസ് ഊര്‍ജിതമായ അന്വേഷണം നടത്തിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലും വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
വീടിനടുത്തുള്ള കുളങ്ങളും മറ്റു ജലാശയങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടെത്താനായില്ല. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ കുളത്തില്‍ പരിശോധന നടത്തിയെങ്കിലും ഫലപ്രദമായിരുന്നില്ല. തുടര്‍ന്ന് സമീപത്തെ മറ്റൊരു കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സഹോദരനുമായി ഉണ്ടായ ചെറിയ പിണക്കത്തെ തുടര്‍ന്ന് സുഹാന്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതായാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. സാധാരണ കുട്ടികള്‍ക്കിടയില്‍ ഉണ്ടാകുന്ന തര്‍ക്കം മാത്രമായിരുന്നുവെന്നും, കുറച്ച് സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെയാണ് തിരച്ചില്‍ ആരംഭിച്ചതെന്നും അവര്‍ പറഞ്ഞു.
സുഹാന്റെ മാതാവ് നീലഗിരി പബ്ലിക് സ്‌കൂളിലെ അധ്യാപികയാണ്. കുട്ടിയെ കാണാതാകുന്ന സമയത്ത് അമ്മ സ്‌കൂളുമായി ബന്ധപ്പെട്ട ആവശ്യത്തിനായി പുറത്തുപോയിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. പിതാവ് അനസ് വിദേശത്തുനിന്ന് പാലക്കാട്ടെത്തിയിട്ടുണ്ട്.
