സംസ്ഥാനത്ത് വീണ്ടും മരണാനന്തരം അവയവദാനം
പത്തൊമ്പതുകാരിയായ ജാസ്ലിയ ജോണ്‍സന്റെ അവയവങ്ങള്‍ നാല് പേര്‍ക്ക് ദാനം ചെയ്തു
കൊച്ചി: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ മരിച്ച എടവനക്കാട് സ്വദേശിനി ജാസ് ലിയ ജോണ്‍ണി(19)ന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ജസ് ലിയ ചൊവ്വ പുലര്‍ച്ചെ 6.38 ഓടെയാണ് മരിച്ചത്. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിച്ചു. കരള്‍, വൃക്ക, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. അവയവദാനത്തിനുള്ള ശസ്ത്രക്രിയകള്‍ രാജഗിരി ആശുപത്രിയില്‍ തുടങ്ങി.
അങ്കമാലി മോണിങ് സ്റ്റാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ് ലിയ, ഫെബ്രുവരി 28ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെല്‍ക് ജങ്ഷനില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ് ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലിസാണ് ജാസ് ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികില്‍സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിച്ചു.
കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സര്‍ക്കാര്‍ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. ജാസ് ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികില്‍സയിലുള്ള രോഗിക്കും, വൃക്കകള്‍ കോട്ടയം മെഡിക്കല്‍ കോളേജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്കും, നേത്രപടലം അങ്കമാലി ലിറ്റില്‍ഫ്‌ലവര്‍ ആശുപത്രിക്കും കൈമാറും. പഠനത്തോടൊപ്പം സ്‌പോര്‍ട്സില്‍ യുണിവേഴ്സിറ്റി തലത്തില്‍ നിരവധി മെഡലുകള്‍ നേടിയ പ്രതിഭയായിരുന്നു ജാസ് ലിയ.