പഞ്ചായത്ത് അംഗങ്ങള്‍ രാജിവയ്ക്കണമെന്ന പോസ്റ്റര്‍ പതിക്കുന്നത് യുഎപിഎ കുറ്റമല്ല: ജമ്മുകശ്മീര്‍ ഹൈക്കോടതി
ശ്രീനഗര്‍: പഞ്ചായത്ത് അംഗങ്ങള്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പതിക്കുന്നത് യുഎപിഎ പ്രകാരമുള്ള കുറ്റമല്ലെന്ന് ജമ്മുകശ്മീര്‍ ഹൈക്കോടതി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയ്ക്ക് വേണ്ടി പോസ്റ്ററുകള്‍ പതിച്ചെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ വെറുതെവിട്ട ഗുലാം മുഹമ്മദ് ലോണിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി നിരീക്ഷണം.
പഞ്ചായത്ത് അംഗങ്ങള്‍ രാജിവച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന പ്രഖ്യാപനം യുഎപിഎ നിയമത്തിലെ 13ാം വകുപ്പ് പ്രകാരം കുറ്റമല്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് കുമാര്‍, സഞ്ജയ് പരിഹാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ''ജനപ്രതിനിധികള്‍ രാജിവച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്നാണ് പോസ്റ്ററുകളിലുള്ളത്. അത് രാജ്യത്തിന്റെ ഐക്യത്തേയോ അഖണ്ഡതയേയോ ബാധിക്കുന്ന കാര്യമല്ല. അത് ഇന്ത്യക്കെതിരേ ആളുകളെ സംഘടിപ്പിക്കാനുള്ള ആഹ്വാനവുമല്ല. അതിനാല്‍ തന്നെ പോസ്റ്ററിലെ ഉള്ളടക്കത്തെ യുഎപിഎ പ്രകാരമുള്ള കുറ്റമായി കാണാനാവില്ല.''-കോടതി വ്യക്തമാക്കി.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന നിരോധിത സംഘടനക്ക് വേണ്ടി പോസ്റ്റര്‍ പതിച്ചുവെന്നാരോപിച്ച് 2012ലാണ് ഗുലാം മുഹമ്മദ് ലോണിനെ പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, കഴിഞ്ഞ ഏപ്രിലില്‍ അനന്ത്‌നാഗിലെ പ്രത്യേക കോടതി ഗുലാമിനെ വെറുതെവിട്ടു. ഈ വിധിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കൈയ്യെഴുത്തുപോസ്റ്റര്‍ തയ്യാറാക്കിയത് ഗുലാമാണെന്ന് ഫോറന്‍സിക് ലബോറട്ടറിയുടെ റിപോര്‍ട്ട് പറയുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാല്‍, യുഎപിഎ പ്രകാരമുള്ള കുറ്റമില്ല. സംഭവം നടക്കുന്ന സമയത്ത് കശ്മീരില്‍ നിലവിലുണ്ടായിരുന്ന രണ്‍ബീര്‍ പീനല്‍ കോഡിലെ വ്യവസ്ഥകള്‍ പ്രകാരം വിചാരണക്കോടതിക്ക് നടപടി സ്വീകരിക്കാമായിരുന്നു. പക്ഷേ, അവര്‍ അതു ചെയ്തില്ല. സാധാരണ ഗതിയില്‍ ഇത്തരം കേസുകളില്‍ പുനര്‍വിചാരണയ്ക്ക് നിര്‍ദേശിക്കാവുന്നതാണ്. പക്ഷേ, ഈ കേസില്‍ ഗുലാമിനെ ഒരുതവണ വിചാരണ ചെയ്തു. ആ വിചാരണ എട്ടുവര്‍ഷമാണ് നീണ്ടത്. ഒരു സംഭവത്തില്‍ ഒരാളെ രണ്ടുതവണ വിചാരണ ചെയ്യാനാവില്ല. അതിനാല്‍ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
