പോസ്റ്റല്‍ വോട്ട് പുതുക്കല്‍; ഡ്യൂട്ടി ജീവനക്കാര്‍ക്കും അവശ്യസേവന വിഭാഗത്തിനും വ്യത്യസ്ത സംവിധാനങ്ങള്‍

Update: 2026-03-28 05:06 GMT

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് പോസ്റ്റല്‍ വോട്ടിംഗ് സംവിധാനത്തില്‍ നിര്‍ണായക മാറ്റങ്ങളുമായി തിരഞ്ഞെടുപ്പ് അധികൃതര്‍. ഇക്കുറി തപാല്‍ വഴി വോട്ട് അയക്കുന്ന പഴയ രീതി ഒഴിവാക്കി, നേരിട്ട് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കായി ഓരോ നിയോജകമണ്ഡലങ്ങളിലും 'വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍' (വിഎഫ്‌സി) സജ്ജമാക്കും. ഇവര്‍ക്ക് തങ്ങള്‍ ഡ്യൂട്ടിയിലുള്ള മണ്ഡലത്തില്‍ തന്നെ വോട്ട് ചെയ്യാനാകും. ഇതിനായി ഫോം 12 ഉപയോഗിച്ച് ഏപ്രില്‍ രണ്ടു വരെ അപേക്ഷിക്കാം. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ എട്ടു വരെ വോട്ടെടുപ്പ് നടക്കും. ഇതിനിടെ, അവശ്യസേവന മേഖലയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് സ്വന്തം മണ്ഡലങ്ങളില്‍ 'പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍' (പിവിസി) വഴി വോട്ട് ചെയ്യാനുള്ള പ്രത്യേക സൗകര്യം ഒരുക്കും.

വോട്ടിങ് പ്രക്രിയ പൂര്‍ണമായും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരിക്കും. സാധാരണ പോളിങ് ബൂത്തുകളിലെ എല്ലാ സൗകര്യങ്ങളും ഈ കേന്ദ്രങ്ങളിലും ഉണ്ടായിരിക്കും. വോട്ട് ചെയ്യുന്നതിനായി വോട്ടര്‍ ഐഡി കാര്‍ഡും ഇലക്ഷന്‍ ഡ്യൂട്ടി ഉത്തരവിന്റെ പകര്‍പ്പും നിര്‍ബന്ധമാണ്. അതേസമയം, പോലിസ്, ഡ്രൈവര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന നോണ്‍പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാ കേന്ദ്രങ്ങളില്‍ മാത്രം വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.

Tags: