വനിതാ അഭിഭാഷകര്‍ക്കെതിരായ ലൈംഗിക പീഡനപരാതികളില്‍ പോഷ് നിയമം നടപ്പാക്കണം; ഹരജിയില്‍ സുപ്രിംകോടതി വാദം കേള്‍ക്കും

Update: 2025-11-22 08:43 GMT

ന്യൂഡല്‍ഹി: വനിതാ അഭിഭാഷകര്‍ക്കെതിരായ ലൈംഗിക പീഡന പരാതികളില്‍ പോഷ് നിയമം ബാധകമാക്കണമെന്ന സുപ്രിംകോടതി വനിതാ ലോയേഴ്‌സ് അസോസിയേഷന്റെ ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു. എല്ലാ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കും ആഭ്യന്തര പരാതി സമിതികള്‍ നിര്‍ബന്ധമാക്കിയ സുപ്രിംകോടതിയുടെ മുന്‍തീര്‍ച്ചകള്‍ക്ക് വിരുദ്ധമാണ് മുംബൈ ഹൈക്കോടതി നിലപാടെന്നാണ് അസോസിയേഷന്റെ വാദം.

പോഷ് നിയമം അഭിഭാഷകരുടെ പ്രവര്‍ത്തനമേഖലയില്‍ ബാധകമല്ലെന്ന മുംബൈ ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീലില്‍ സുപ്രിംകോടതി നോട്ടിസ് അയച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും ആര്‍ മഹാദേവനും അടങ്ങുന്ന ബെഞ്ചാണ് ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും മറ്റു കക്ഷികള്‍ക്കും നോട്ടിസ് നല്‍കിയത്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയോ മഹാരാഷ്ട്ര, ഗോവ ബാര്‍ കൗണ്‍സിലിലെയോ അംഗങ്ങളായ വനിതാ അഭിഭാഷകരുടെ പരാതികള്‍ക്ക് പോഷ് നിയമം ബാധകമല്ലെന്നായിരുന്നു നേരത്തെ മുംബൈ ഹൈക്കോടതി വിധിച്ചത്. ഇതിനിടെ, രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പോഷ് നിയമം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് ജൂലൈയില്‍ സമര്‍പ്പിച്ച ഹരജിയും സുപ്രിംകോടതി പരിഗണിക്കുകയാണ്. മലയാളി അഭിഭാഷകന്‍ എം ജി യോഗമായ സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ ബിജെപി, കോണ്‍ഗ്രസ്, സിപിഐ എം, എഎപി, ടിഎംസി ഉള്‍പ്പെടെയുള്ള ദേശീയ പ്രാദേശിക പാര്‍ട്ടികളും കേന്ദ്രസര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും കക്ഷികളാണ്.

പാര്‍ട്ടികളില്‍ ആഭ്യന്തര പരാതി സെല്ലുകള്‍ രൂപീകരിക്കണമെന്ന ആവശ്യം ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്. സിപിഐ എം മാത്രമാണ് പുറത്തെ അംഗങ്ങളെയും ഉള്‍പ്പെടുത്തി ഐസിസി സജ്ജീകരിച്ചിരിക്കുന്നതെന്ന് ഹരജി ചൂണ്ടിക്കാട്ടുന്നു. ബിജെപിയില്‍ ഐസിസി നിലവിലില്ലെന്നും ഇപ്പോഴും അച്ചടക്ക സമിതിയിലേക്കാണ് പരാതികള്‍ പോകുന്നതെന്നും ഹരജിയില്‍ പറയുന്നു. കോണ്‍ഗ്രസില്‍ ഐസിസി രൂപീകരിച്ചിട്ടുണ്ടെങ്കിലും അത് എഐസിസിയിലേക്ക് വ്യാപിപ്പിച്ചിട്ടില്ലെന്നും ഹരജിയില്‍ പരാമര്‍ശമുണ്ട്.

Tags: