പൊന്നാനി പീഡന പരാതി; മുന്‍ എസ് പി സുജിത് ദാസ് ഉള്‍പ്പടെ മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സുപ്രിംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ്
മലപ്പുറം: പൊന്നാനിയില്‍ വീട്ടമ്മ ഉന്നയിച്ച ബലാല്‍സംഗ പരാതിയില്‍ മലപ്പുറം മുന്‍ എസ് പി സുജിത് ദാസ് ഉള്‍പ്പടെ മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സുപ്രിംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ്.ജസ്റ്റിസ് മാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
സുജിത് ദാസ്, തിരൂര്‍ മുന്‍ ഡി വൈ എസ് പി ബെന്നി വി വി, പൊന്നാനി മുന്‍ സി ഐ വിനോദ് എന്നിവര്‍ക്കെതിരേ ബലാല്‍സംഗ കേസ് എടുക്കുന്നതിന് മുമ്പ് പോലിസ് റിപോര്‍ട്ട് പരിഗണിക്കണമോ എന്ന് മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനിക്കാം എന്ന് സുപ്രിംകോടതി പറഞ്ഞു.
2022 ല്‍ വീട്ടിലെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി. പൊന്നാനി എസ് എച്ച് ഒ ആയിരുന്ന വിനോദ്, തിരൂര്‍ ഡി വൈ എസ് പിയായിരുന്നു ബെന്നി വി വി, മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസ് അടക്കമുള്ളവര്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു വീട്ടമ്മ പരാതി നല്‍കിയത്.