നയപ്രഖ്യാപന പ്രസംഗ വിവാദം; ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗ വിവാദത്തില്‍ നിലപാട് കടുപ്പിച്ചു സ്പീക്കര്‍. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ കത്തിന് മറുപടി നല്‍കില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കി. ലോക്ഭവനാണ് കത്ത് നല്‍കിയത്. സാധാരണ നിലയില്‍ ഗവര്‍ണര്‍ കത്തയക്കുമ്പോള്‍ സ്പീക്കര്‍ക്കാണ് ആദ്യം നല്‍കേണ്ടത്. എന്നാല്‍, മാധ്യമങ്ങള്‍ക്ക് നല്‍കിയ ശേഷമാണ് തനിക്ക് കത്ത് കിട്ടിയതെന്നും നേരിട്ട് കത്ത് നല്‍കിയാല്‍ മറുപടി കൊടുക്കുമെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു.
അതീവ രഹസ്യസ്വഭാവമുള്ളതെന്നാണ് കത്തിന് പുറത്ത് എഴുതിയിട്ടുള്ളത്. എന്നാല്‍, അത് തനിക്ക് കിട്ടുന്നതിന് മുന്‍പു തന്നെ മാധ്യമങ്ങളിലൂടെ വാര്‍ത്ത വന്നു. കത്തിന്റെ പകര്‍പ്പാണോ സ്പീക്കര്‍ക്ക് നല്‍കേണ്ടതെന്നും ആദ്യം ഗവര്‍ണറുടെ ഓഫീസ് അത് പരിശോധിക്കട്ടെയെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ട്. ഗവര്‍ണര്‍ ചിലഭാഗങ്ങള്‍ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയില്‍ വിമര്‍ശിച്ചിരുന്നു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും ലോക്ഭവന്‍ നേരത്തെ വിശദീകരിച്ചിരുന്നു.
