കലാമേളക്കിടെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പോലിസുകാരന്‍ കൊല്ലപ്പെട്ട സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ നടക്കുന്ന സൂരജ്ക്കുണ്ട് അന്താരാഷ്ട്ര സാംസ്‌കാരിക കലാമേളയ്ക്കിടെ യന്ത്രഊഞ്ഞാല്‍ തകര്‍ന്നുവീണ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. യന്ത്ര ഊഞ്ഞാല്‍ ഓപ്പറേറ്ററും സ്റ്റാഫുമാണ് അറസ്റ്റിലായത്. സൂരജ്കുണ്ഡ് ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ്സ് മേളക്കിടെ ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരു പോലിസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലിസ് ഇന്‍സ്‌പെക്ടറായ ജഗദീഷ് പ്രസാദാണ് അപകടത്തില്‍ മരണപ്പെട്ടത്. അപകടം നടന്നതറിഞ്ഞ് പരിക്കേറ്റവരെ രക്ഷിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഊഞ്ഞാലിന്റെ ഒരു ഭാഗം മുഖത്തും തലയിലുമായി ഇടിച്ചാണ് ഇന്‍സ്‌പെക്ടര്‍ ജഗദീഷ് പ്രസാദിന് ജീവന്‍ നഷ്ടമായത്. യന്ത്ര ഊഞ്ഞാലില്‍ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായത്. മുഖ്യമന്ത്രി നയാബ് സിങ് സൈനി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.