ക്ഷേത്രങ്ങളില്‍ പശു ഇറച്ചി എറിയുന്ന ഹിന്ദു മഹാസഭ സംഘത്തിനെതിരേ ഗുണ്ടാ നിയമപ്രകാരം നടപടി

Update: 2025-06-02 14:06 GMT

ആഗ്ര: ക്ഷേത്രങ്ങളില്‍ പശു ഇറച്ചി എറിഞ്ഞ് സാമുദായിക സംഘര്‍ഷമുണ്ടാക്കുന്ന സംഘത്തിനെതിരെ ഗുണ്ടാ നിയമപ്രകാരം നടപടിയെടുത്തെന്ന് ആഗ്ര പോലിസ്. അഖില ഭാരത ഹിന്ദു മഹാസഭയുടെ മുന്‍ ദേശീയ വക്താവ് സഞ്ജയ് ജാട്ട് അടക്കം ഒമ്പതുപേര്‍ക്കെതിരെയാണ് നടപടി. ഗര്‍ഹി ചാന്ദ്‌നി യമുനാപര്‍ പ്രദേശത്തെ ജിതേന്ദ്ര കുശ്വാഹയാണ് സംഘത്തലവന്‍ എന്നും ആഗ്രയിലെ ഏത്മദ്ദൗല പോലിസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായ ദേവേന്ദ്ര ദുബെ പറഞ്ഞു.

2023ലെ നവരാത്രി ദിനത്തില്‍ ഏത്മദ്ദൗലയിലെ ഒരു ക്ഷേത്രത്തില്‍ പശു ഇറച്ചി എറിഞ്ഞതില്‍ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ജിതേന്ദ്രക്കൊപ്പം സഞ്ജയ് ജാട്ട്, ബ്രജേഷ് ഭദൗരിയ, സൗരഭ് ശര്‍മ്മ, മുരളി തുടങ്ങിയവരുമുണ്ടായിരുന്നു. സംഘത്തിന്റെ ഭാഗമായ ഷാനു ഖുറേശി, ഷാനവാസ്, ഷാനു എന്നിവരാണ് ഇതിന് വേണ്ട മാംസം നല്‍കിയത്. വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടായതിന് ശേഷം പണം പിരിക്കലായിരുന്നു ഇവരുടെ രീതിയെന്നും പോലിസ് പറഞ്ഞു.

നാട്ടില്‍ പ്രശസ്തരാവാന്‍ വേണ്ടി താജ് മഹലിനെ തേജോമഹല്‍ എന്ന് വിളിച്ച് ഇവര്‍ സ്ഥിരമായി പരിപാടികള്‍ നടത്തിയിരുന്നു. ഏത്മദ്ദൗലയിലെ മദ്യശാലകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് നേരത്തെ ഇവര്‍ സമരം ചെയ്തു. എന്നാല്‍, സമരത്തിന് ശേഷം ഒരു ബാര്‍ ഉടമയില്‍ നിന്നും ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ കേസില്‍ ഇവരെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചിരുന്നു. പിന്നീട് നിരവധി മോഷണക്കേസുകളിലും പ്രതികളെ പോലിസ് പിടിച്ചിരുന്നു.