ട്രെയിനില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി; പരിശോധന ശക്തമാക്കി പോലിസ്
തിരുവനന്തപുരം: ട്രെയിനില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്താന്‍ പോലിസ് വ്യാപകമായ പരിശോധന ആരംഭിച്ചു. സംസ്ഥാന പോലിസ് മേധാവിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. റെയില്‍വേ പോലിസിന് പുറമെ ആവശ്യമായാല്‍ പ്രാദേശിക പോലിസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെയും താല്‍ക്കാലികമായി റെയില്‍വേ സ്റ്റേഷനുകളില്‍ നിയോഗിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വര്‍ക്കലയില്‍ പെണ്‍കുട്ടിയെ യാത്രക്കാരന്‍ ആക്രമിച്ച് ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്. പ്രതി മദ്യപിച്ച നിലയിലായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി. യാത്ര മുടങ്ങുന്നതോടൊപ്പം കേസ് എടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മദ്യപിച്ച നിലയില്‍ കണ്ടെത്തുന്ന യാത്രക്കാരെ അടുത്ത സ്റ്റേഷനില്‍ ഇറക്കി ബന്ധപ്പെട്ട പോലിസ് സ്റ്റേഷനിലേക്ക് എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം.