'പരാതിയില്‍ കാര്യമുണ്ട്'; പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ച് പോലിസ്

Update: 2025-12-15 06:02 GMT

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ച് പോലിസ്. പരാതിയില്‍ കഴമ്പുണ്ടെന്നും തെളിയിക്കുന്ന വിവരങ്ങള്‍ ലഭ്യമാണെന്നുമാണ് റിപോര്‍ട്ടില്‍ പറയുന്നത്.

ഐഎഫ്എഫ്‌കെയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയര്‍മാനായിരുന്നു കുഞ്ഞുമുഹമ്മദ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ സ്ത്രീയോട് തലസ്ഥാനത്തെ ഹോട്ടല്‍ മുറിയില്‍ വെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. പരാതിയില്‍ പറയുന്ന സമയത്ത് പി ടി കുഞ്ഞുമുഹമ്മദ് ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് പോലിസ് കോടതിയെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതമാണ് റിപോര്‍ട്ട്.

കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവം. സംഭവത്തില്‍ ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇത് മുഖ്യമന്ത്രി കന്റോണ്‍മെന്റ് പോലിസിന് കൈമാറുകയായിരുന്നു.

Tags: