ന്യൂഡല്‍ഹി: കോടതിക്കുള്ളില്‍ തന്റെ ജീവനുവേണ്ടി അപേക്ഷിച്ചിട്ടും പോലിസ് തോക്കിനിരയായി യുപിയിലെ ചാന്ദ് മുഹമ്മദ് എന്ന യുവാവ്. സംഭവത്തെ തുടര്‍ന്ന് യുപി പോലിസിനെതിരേ വ്യാപക വിമര്‍ശനമാണുയരുന്നത്. 'ഓപ്പറേഷന്‍ ലാംഗ്ഡ' പ്രകാരം മുസ് ലിം സമുദായത്തിലെ അംഗങ്ങള്‍ക്കെതിരായ പോലിസ് നടപടിയെക്കുറിച്ച് ചോദ്യമുയര്‍ത്തുന്നതാണ് ഈ സംഭവം.
വെള്ളിയാഴ്ച (നവംബര്‍ 21) നയി മണ്ടി പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് വെടിവയ്പ്പ് നടന്നത്. പഴയ ഒരു കേസിന്റെ പേരില്‍ സ്വയം കോടതിയില്‍ കീഴടങ്ങാന്‍ പോയതാണ് ചന്ദ് മുഹമ്മദ്. ചേംബറില്‍ എത്തിയ ചന്ദ് പോലിസ് തന്നെ കൊല്ലുമെന്നും തന്നെ രക്ഷിക്കണമെന്നും അപേക്ഷിച്ചു. 'ഞാന്‍ കീഴടങ്ങാന്‍ വന്നതാണ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എസ്ഒജി സംഘം താഴെ കാത്തുനില്‍ക്കുന്നു. അവര്‍ എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ചെറിയ കുട്ടികളുണ്ട്. ദയവായി എന്നെ രക്ഷിക്കൂ. അവര്‍ എനിക്കെതിരെ കള്ളക്കേസ് ഫയല്‍ ചെയ്തു' എന്നൊക്കെയുള്ള കാര്യങ്ങള്‍ ചന്ദ് കോടതിയില്‍ പറഞ്ഞു. ചന്ദിന്റെ അഭിഭാഷകനും ഇതേ കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിച്ചു. ഇതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ഈ വീഡിയോകള്‍ ഉണ്ടായിരുന്നിട്ടും, പിറ്റേന്ന് ഉച്ചകഴിഞ്ഞ് പിന്ന ബൈപാസില്‍ വച്ച് ചന്ദിനെ പോലിസ് വെടിവച്ച് വീഴ്ത്തി. ഇയാള്‍ കൈവശം പിസ്റ്റള്‍ വച്ചിരുന്നെന്നും പോലിസിനു നേര്‍ക്ക് വെടിവയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചിട്ടതെന്നുമാണ് പോലിസിന്റെ അവകാശവാദം. പശുവിനെ കൊന്നതടക്കമുള്ള ഏഴ് കേസുകള്‍ ചന്ദിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലിസ് പറയുന്നു.
അതേസമയം, സംഭവത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ക്രമധാനപാലനത്തിന്റെ പേരില്‍ മുസ് ലിംകള്‍ക്കെതിരേ പോലിസ് സേനയെ ഉപയോഗിക്കുന്നതായി പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. മുസ് ലിം പുരുഷന്മാരെ ഇത്തരത്തില്‍ ലക്ഷ്യമിടുന്നത് ഇതാദ്യമല്ലെന്നും ഓപ്പറേഷന്‍ ലാംഗ്ഡ സുരക്ഷയല്ല, ഭയം സൃഷ്ടിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. മറ്റൊരു വ്യാജ ഏറ്റുമുട്ടലാണോ എന്ന ചോദ്യങ്ങടക്കം ഈ കേസില്‍ പ്രധാനമാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. ചന്ദ് മുഹമ്മദ് നിലവില്‍ പോലിസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
