എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് പോലിസ്

തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിര്‍ത്ത് പോലിസ്

Update: 2026-01-20 06:21 GMT

കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മായിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് പോലിസ് റിപോര്‍ട്ട്. കണ്ണൂര്‍ ടൗണ്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹന്‍ ഇത് സംബന്ധിച്ച വിവരം തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി(രണ്ട്)ജഡ്ജി ടിറ്റി ജോര്‍ജ് മുമ്പാകെ നല്‍കി. നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെയും പിന്നീട് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലും ഹരജി നല്‍കിയത്.

ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് പോലിസ് കോടതിയിയെ അറിയിച്ചു. കുറ്റപത്രത്തിന്റെ കരട് പരാതിക്കാരിയെ ബോധ്യപ്പെടുത്തിയിരുന്നു. കേസില്‍ സിസിടിവി ദൃശ്യങ്ങളും തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കോടതിയില്‍ പോലിസ് വ്യക്തമാക്കി. പ്രതി പി പി ദിവ്യ തിങ്കളാഴ്ച കോടതിയില്‍ ഹാജരായിരുന്നു. വാദം കേള്‍ക്കാനായി ഫെബ്രുവരി 19ന് കേസ് പരിഗണിക്കും.

എഡിഎമ്മിന്റെ ഭാര്യ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് പോലിസ് പറഞ്ഞു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. 2024 ഒക്ടോബര്‍ 15നാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കേസില്‍ ഏക പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മൊബൈല്‍ഫോണ്‍ ശാസ്ത്രീയ പരിശോധന തിരുവനന്തപുരത്തെ ലാബിലും മറ്റുള്ളവ കണ്ണൂരിലെ ലാബിലും നടത്തിയതിന്റെ ഫലം കോടതിയില്‍ നല്‍കി. ശാസ്ത്രീയപരിശോധന നടത്തിയില്ലെന്ന പരാതിക്കാരിയുടെ വാദം നിലനില്‍ക്കില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

Tags: