ഉത്തര്‍പ്രദേശിലെ കര്‍ബല പള്ളിയിലെ ഉച്ചഭാഷിണി നീക്കം ചെയ്ത് പോലിസ്; ശബ്ദമലിനീകരണമെന്ന് വാദം

Update: 2025-11-08 08:04 GMT

ഫിറോസാബാദ്: ഉത്തര്‍പ്രദേശിലെ കര്‍ബല പള്ളിയുള്‍പ്പെടെ നിരവധി പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്ത് പോലിസ്. ശബ്ദമലിനീകരണ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. എസ്എച്ച്ഒ, ഏരിയ ട്രാഫിക് ഓഫീസര്‍, ലോക്കല്‍ പോലിസ് സംഘം എന്നിവരുടെ നേതൃത്വത്തിലാണ് നടപടി. അനുമതിയില്ലാതെ സാധാരണ ശബ്ദ പരിധിക്കപ്പുറം ഒരു ലൗഡ് സ്പീക്കറും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കോടതി ഉത്തരവുകള്‍ അനുസരിച്ചാണ് പ്രവൃത്തിയെന്നുമാണ് വാദം.

സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ വിമര്‍ശനവമായി രംഗത്തെത്തി. ഹിന്ദു ഉല്‍സവങ്ങളിലും പൊതുപരിപാടികളിലും ഉച്ചഭാഷിണികളും സംഗീതവും പലപ്പോഴും നിയന്ത്രിക്കപ്പെടാറില്ല എന്ന് ചൂണ്ടിക്കാട്ടിയ അവര്‍ മനപ്പൂര്‍വം ഒരു സമുദായത്തിന്റെ സ്വാതന്ത്യം ഹനിക്കുന്ന നടപടിയാണിതെന്നും വ്യക്തമാക്കി. തങ്ങള്‍ ശബ്ദ നിയന്ത്രണത്തിന് എതിരല്ലെന്നും പിന്നെന്തിനാണ് അവര്‍ തങ്ങളുടെ ആരാധനാലയങ്ങള്‍ മാത്രം ലക്ഷ്യമിടുന്നതെന്നും കര്‍ബല പള്ളിക്ക് സമീപമുള്ള താമസക്കാരനായ ഇര്‍ഫാന്‍ ഖുറേഷി ചോദിച്ചു. നിയമം പാലിക്കാന്‍ തന്നെയാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ തിരഞ്ഞുപിടിച്ച് ചെയ്യുന്ന ഇത്തരം നടപടി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

മുസ് ലിം സമുദായത്തിന്റെ ആരാധാനാലയങ്ങള്‍ മാത്രം ലക്ഷ്യമിട്ടുള്ള നടപടി അസ്വസ്തതയുളവാക്കുന്നതാണെന്നും ഇതെല്ലാം ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ളില്‍ ഭയം ജനിപ്പിക്കുമെന്നും പൗരാവകാശ പ്രവര്‍ത്തകയായ ഡോ. ഷബാന ഖാന്‍ പറഞ്ഞു.

Tags: