ഹൈദരാബാദ്: ഹൈദരാബാദിലെ മൗലാന ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി സ്‌കോളറും എഎംയുവിലെ മുന്‍ വിദ്യാര്‍ഥി നേതാവുമായ തല്‍ഹ മന്നനെതിരേ കേസ്. വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ 'പ്രകോപനപരമായ പ്രസംഗം' നടത്തിയെന്നും ഫലസ്തീന്‍ സ്‌കാര്‍ഫ് ധരിച്ചെന്നും ആരോപിച്ച് ഹിന്ദു രക്ഷാ ദളിലെ സഞ്ജയ് ആര്യ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തല്‍ഹ മന്നനൊപ്പം എട്ടോളം വരുന്ന മറ്റു വിദ്യാര്‍ഥികള്‍ക്കെതിരേയും കേസുണ്ട്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 18 ന് അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ എത്തിയ തല്‍ഹ ഫീസ് വര്‍ധനവിനെതിരെ ബാബ്-ഇ-സയ്യിദ് ഗേറ്റില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഫലസ്തീന്‍ സ്‌കാര്‍ഫ് ധരിച്ച് അദ്ദേഹം പ്രകടനത്തില്‍ പങ്കുചേരുകയും വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് ഹിന്ദു രക്ഷാ ദളിലെ അംഗം പരാതി നല്‍കിയിരിക്കുന്നത്.
തല്‍ഹക്കെതിരേ ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗവും സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലിസ് പറയുന്നു.