സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് പോലിസ്
ഇടുക്കി: സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് പോലിസ് . സ്ഥാപന ഉടമ സോജന്‍ ജോസഫ്, പ്രവീണ്‍ എന്നിവര്‍ക്കെതിരേയാണ് കേസ് എടുത്തത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തിനടത്തി എന്ന കുറ്റത്തിലാണ് കേസ് എടുത്തിരിക്കുന്നത്. സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കും.
മംഗലാപുരം സ്വദേശികളായ അഞ്ചു പേരായിരുന്നു ഇന്നലെ വൈകീട്ടോടെ സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയത്. മുഹമ്മദ് സഫ്വാന്‍, ഭാര്യ തൗഫീന, മക്കളായ ഇവാന്‍, ഇനാര എന്നിവരാണ് കുടുങ്ങിയത്. ജീവനക്കാരിയായ ഹരിപ്രിയയും ഇവര്‍ക്കൊപ്പം കുടുങ്ങിയിരുന്നു. രണ്ടരമണിക്കൂറാണ് ഇവര്‍ കുടുങ്ങി കിടന്നത്. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് എല്ലാവരെയും താഴെയെത്തിച്ചത്.
ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡൈ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്. ഇടുക്കി ആനച്ചാലില്‍ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 150 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്.
ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതാണ് രീതി. എന്നാല്‍ ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലം ക്രെയിന്‍ താഴ്ത്താന്‍ പറ്റാത്തതായിരുന്നു പ്രശ്‌നം.
