കൊലപ്പെടുത്തിയോ എന്ന പോലിസിന്റെ ചോദ്യം, കൊന്നെന്ന് മറുപടി; മൂന്നു വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ മാതാവ് അറസ്റ്റില്‍

Update: 2025-05-20 07:52 GMT
കൊലപ്പെടുത്തിയോ എന്ന പോലിസിന്റെ ചോദ്യം, കൊന്നെന്ന് മറുപടി; മൂന്നു വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ മാതാവ് അറസ്റ്റില്‍

കൊച്ചി: മൂന്നു വയസ്സുകാരി കല്യാണിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മാതാവ് സന്ധ്യ അറസ്റ്റില്‍. കൊലപ്പെടുത്തിയോ എന്ന പോലിസിന്റെ ചോദ്യത്തിന് കൊന്നെന്നായിരുന്നു സന്ധ്യയുടെ മൊഴി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കുട്ടിയെ എറിഞ്ഞു കൊന്നതാണെന്ന ഇന്‍ക്വസ്റ്റ് റിപോര്‍ട്ടും പുറത്തു വന്നു. കുട്ടിയെ പുഴയിലെറിഞ്ഞതിനു ശേഷം വീട്ടിലെത്തിയ സന്ധ്യ രാത്രിയില്‍ ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. കുട്ടി എവിടെ എന്ന ചോദ്യത്തിന് അലസമായതും വ്യക്തതയില്ലാത്തതുമായ മറുപടിയായിരുന്നു നല്‍കിയത്.

ഇന്ന് പുലര്‍ച്ചെയാണ് അങ്കണവാടിയില്‍ നിന്ന് മാതാവിനൊപ്പം വീട്ടിലേക്ക് പോയ മൂന്നു വയസുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലുവയില്‍ നിന്നുള്ള ആറംഗ യുകെ സ്‌കൂബ സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകിട്ട് നാലുമണിയോടെ മറ്റക്കുഴിയില്‍ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്ക് സന്ധ്യയും കല്യാണിയും പോയിരുന്നു. മറ്റക്കുഴിയില്‍ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്ന് ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസില്‍ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നാണ് സന്ധ്യ ആദ്യം പറഞ്ഞത്. പിന്നീടാണു മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു പറഞ്ഞത്. തുടര്‍ന്നാണു പോലിസും സ്‌കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയതും മൃതദേഹം കണ്ടെത്തിയതും.

Tags:    

Similar News