കഴക്കൂട്ടം സ്റ്റേഷന് മുന്നില്‍ വച്ച് പോലിസുകാരുടെ പരസ്യ മദ്യപാനം; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2026-01-27 14:51 GMT

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം പോലിസ് സ്റ്റേഷനുമുന്നില്‍ വച്ച് പരസ്യമായി മദ്യപിച്ച ആറ് പോലിസുകാര്‍ക്കും സസ്‌പെന്‍ഷന്‍. പോലിസിന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചുവെന്നും നടന്നത് അധികാര ദുര്‍വിനിയോഗവും അച്ചടക്കലംഘനവുമാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു. നര്‍ക്കോടിക്‌സ് എസിപി രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ആറുപേരും ഡ്യൂട്ടിലിരിക്കെയായിരുന്നു മദ്യപാനമെന്നാണ് കണ്ടെത്തല്‍. സൈബര്‍ എസിപിയുടെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറുടേതാണ് സസ്പെന്‍ഷന്‍ നടപടി.

പോലിസുകാര്‍ക്ക് നല്ല നടപ്പ് പരിശീലനത്തിനും അയക്കും. ഉദ്യോഗസ്ഥര്‍ കഴക്കൂട്ടം പോലിസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട കാറിനകത്തിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. എസ്ഐ ബിനു, അരുണ്‍, സിപിഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖില്‍രാജ് എന്നിവരേയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജോലി സമയത്താണ് ഇവര്‍ മദ്യപിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സ്റ്റേഷന് മുന്നില്‍ കാറില്‍ ഇരുന്നു മദ്യപിച്ചത്. സിവില്‍ ഡ്രസ്സില്‍ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ ഒരാള്‍ പകര്‍ത്തി ഉന്നത ഉദ്യഗസ്ഥന് അയച്ചുകൊടുക്കുകയായിരുന്നു. ഒരു വിവാഹ സല്‍ക്കാരത്തിനു പോകുന്നതിനു മുന്നോടിയായിട്ടായിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര്‍ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്നാണ് അന്വേഷണ റിപോര്‍ട്ടിലുള്ളത്.