ഗവര്‍ണറുടെ സുരക്ഷാഡ്യൂട്ടിക്കെത്തിയ പോലിസുകാരന്‍ മദ്യലഹരിയില്‍

Update: 2025-10-06 11:21 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഗവര്‍ണറുടെ സുരക്ഷാഡ്യൂട്ടിക്കെത്തിയ പോലിസുകാരന്‍ മദ്യലഹരിയില്‍. എആര്‍ ക്യാമ്പിലെ സിവില്‍ പോലിസ് ഓഫീസര്‍ (സിപിഒ) ശരത്താണ് മദ്യലഹരിയില്‍ ഡ്യൂട്ടിക്ക് എത്തിയതായി കണ്ടെത്തിയത്.

ഇന്നലെ രാത്രി തിരുവനന്തപുരത്ത് വന്ദേഭാരത് എക്‌സ്പ്രസിലൂടെ എത്തിയ ഗവര്‍ണറെ രാജ്ഭവനിലേക്ക് എസ്‌കോര്‍ട്ട് ചെയ്യുന്നതിനായുള്ള റൈഫിള്‍ ഡ്യൂട്ടിയിലായിരുന്നു ശരത്. ഡ്യൂട്ടിക്ക് പുറപ്പെടുന്നതിനിടെ കൂട്ടുപോലിസുകാര്‍ക്ക് ശരത്തിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. ശേഷം ശരത്തിനെ ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കുകയും പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. ഉടന്‍തന്നെ ശരത്തിനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി പകരം മറ്റൊരാളെ നിയോഗിച്ചു.

ഡ്യൂട്ടിക്കിടെ മദ്യപിച്ച കേസില്‍ ശരത്തിനെതിരേ വകുപ്പുതല അന്വേഷണം ശുപാര്‍ശ ചെയ്തതായും, ഇയാളെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ പരിഗണനയിലാണെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

Tags: