തൊണ്ടി മുതലായ സൈക്കിള്‍ മോഷ്ടിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍

Update: 2025-06-03 16:30 GMT

ഇടുക്കി: തൊടുപുഴ കാളിയാറില്‍ തൊണ്ടിമുതല്‍ മോഷ്ടിച്ച പോലിസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കാളിയാര്‍ സ്‌റ്റേഷനിലെ എസ്‌സിപിഒ ജയ്‌മോനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മെയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് സൂക്ഷിക്കുന്നതിനായി തൊടുപുഴ പോലിസിനെ ഏല്‍പ്പിച്ച സ്‌പോര്‍ട്‌സ് സൈക്കിളാണ് ഇയാള്‍ കടത്തിക്കൊണ്ടുപോയത്. ഉടമ സ്‌റ്റേഷനിലെത്തി സൈക്കിള്‍ തിരക്കിയപ്പോഴാണ് തൊണ്ടിമുതല്‍ കാണാതായ വിവരം അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സൈക്കിള്‍ കടത്തിയത് ജയ്‌മോനാണെന്ന് വ്യക്തമായി. ഇതോടെ സൈക്കിള്‍ തിരികെ എത്തിച്ചെങ്കിലും നടപടിയെടുക്കുകയായിരുന്നു.