കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പോലിസുകാര്‍ റോഡില്‍ ഇറങ്ങണം: ഹൈക്കോടതി

Update: 2025-08-28 12:46 GMT

കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്നല്‍ ലൈറ്റ് ഓഫാക്കി പോലിസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി. രാവിലെ 8:30 മുതല്‍ 10 വരെയും വൈകിട്ട് 5 മുതല്‍ 7:30 വരെയും സിഗ്‌നല്‍ ഓഫ് ചെയ്യാനാണ് നിര്‍ദേശം. പാലാരിവട്ടം വരെയുള്ള ബാനര്‍ജി റോഡ്, മെഡിക്കല്‍ ട്രസ്റ്റ് മുതല്‍ വൈറ്റില വരെയുള്ള സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍ തിരക്കേറിയ സമയങ്ങളില്‍ സിഗ്നല്‍ ഓഫ് ചെയ്ത് പോലിസുകാര്‍ ഗതാഗതം നിയന്ത്രിക്കണമെന്നാണ് നിര്‍ദേശം.

കൊച്ചി നഗരത്തില്‍ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് അമിക്കസ് ക്യൂറി റിപോര്‍ട്ട് നല്‍കിയിരുന്നു. ബാനര്‍ജി റോഡില്‍ പാലാരിവട്ടം മുതല്‍ ഹൈക്കോടതി വരെയും സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ വൈറ്റില മുതല്‍ പള്ളിമുക്ക് വരെയുമുള്ള ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷം. അതേസമയം, സ്വകാര്യ ബസ്സുകളുടെ സമയക്രമത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. 15 ദിവസത്തിനകം സമയക്രമം തീരുമാനിക്കുന്ന യോഗം ചേരണമെന്ന് ആഗസ്റ്റ് എട്ടിന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നിട്ടും തുടര്‍നടപടികള്‍ ഉണ്ടാകാതിരുന്നത് കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. സെപ്റ്റംബര്‍ പത്തിനകം യോഗം ചേരണമെന്നും ഇല്ലെങ്കില്‍ അമിക്കസ് ക്യൂറി ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് അമിത് റാവല്‍ വ്യക്തമാക്കി.