ദക്ഷിണകന്നഡയിലെ വര്‍ഗീയ ആക്രമണങ്ങള്‍; നിരവധി പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Update: 2025-06-12 17:58 GMT

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയിലെ വര്‍ഗീയ ആക്രമണങ്ങള്‍ തടയുന്നതില്‍ വീഴ്ച്ച വരുത്തിയ നിരവധി പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഉഡുപ്പി കോസ്റ്റല്‍ സെക്യൂരിറ്റി പോലിസിലെ ഇന്‍സ്‌പെക്ടറായ പ്രമോദ് കുമാറിനെ സൂറത്ത്കല്‍ പോലിസ് സ്‌റ്റേഷനിലെ പുതിയ ഇന്‍സ്‌പെക്ടറാക്കി നിയമിച്ചു. നിലവിലെ ഇന്‍സ്‌പെക്ടറായ മഹേഷ് പ്രസാദിനെ മാറ്റിയാണ് പ്രമോദ് കുമാറിനെ നിയമിച്ചത്. നിരവധി സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തിച്ച പ്രമോദ് കുമാര്‍ സൂപ്പര്‍ കോപ്പ് എന്നാണ് അറിയപ്പെടുന്നത്.

വയനാട് സ്വദേശി അഷ്‌റഫിനെ തല്ലിക്കൊന്ന കുഡുപ്പു ഉള്‍പ്പെടുന്ന മംഗളൂരു റൂറല്‍ പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറായ ശിവകുമാറിനെ സ്ഥലം മാറ്റി. പകരമായി ചിക്കമംഗളൂരു ടൗണ്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായ ആര്‍ പി ഗവിരാജിനെ കൊണ്ടുവന്നു. മൊത്തം 36 പോലിസ് ഇന്‍സ്‌പെക്ടര്‍മാരെ സിഐമാരാക്കി വിവിധ സ്റ്റേഷനുകളില്‍ നിയമിക്കുകയും ചെയ്തു. ഇതില്‍ പലതും വര്‍ഗീയ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്ത സ്‌റ്റേഷനുകളാണ്.

അതേസമയം, വര്‍ഗീയ സംഘര്‍ഷങ്ങളുടെ സമയത്ത് നടപടികളെടുക്കാതിരുന്ന ദക്ഷിണകന്നഡ മുന്‍ എസ്പിക്കും കമ്മീഷണര്‍ക്കുമെതിരേ ഉന്നതതല അന്വേഷണം വേണമെന്ന് സ്പീക്കര്‍ യു ടി ഖാദര്‍ ആവശ്യപ്പെട്ടു. വിദ്വേഷപ്രസംഗം, വര്‍ഗീയ പ്രകോപനം, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവയില്‍ ഇരുവരും നടപടിയെടുത്തില്ല. അതിനാല്‍ അന്വേഷണം ആവശ്യമാണ്. '' ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഹജ്ജിന് പോവും മുമ്പ് ഞാന്‍ അവരോട് പറഞ്ഞിരുന്നു. പക്ഷേ, അവര്‍ നടപടികള്‍ എടുത്തില്ല. ചോദിച്ചപ്പോള്‍ നിയമപരമായ പരിമിതിയുണ്ടെന്നാണ് പറഞ്ഞത്. ജഡ്ജിയായോ വക്കീലായോ നടപടിയെടുക്കാന്‍ അല്ല ഞാന്‍ അവരോട് പറഞ്ഞത്. നിലവിലെ ഉദ്യോഗസ്ഥര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. സോഷ്യല്‍ മീഡിയയിലെ വര്‍ഗീയ പോസ്റ്റുകള്‍ 60 ശതമാനം കുറഞ്ഞിട്ടുണ്ട്.''- യു ടി ഖാദര്‍ പറഞ്ഞു.