ചലച്ചിത്ര പ്രവര്‍ത്തകയെ ലൈംഗികാതിക്രമം നടത്തിയ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെതിരേ കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്
തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സംവിധായകനും സിപിഎം മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരേ കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്. ലൈംഗിക അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് തിരുവനന്തപുരം കന്റോണ്മെന്റ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വെച്ച് കയറിപിടിച്ചെന്ന് പോലിസ്. ചലച്ചിത്ര പ്രവര്‍ത്തകരടക്കം ആറു സാക്ഷികളെ ഉള്‍പ്പെടുത്തി.
നവംബര്‍ ആറിന് തിരുവനന്തപുരത്ത് ചലച്ചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെ കുറ്റകൃത്യം നടന്നെന്നാണ് പരാതി. ഹോട്ടല്‍ മുറിയില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നതാണ് കേസ്. മുറിയിലെത്തിയ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് ഡോക്യുമെന്ററി സംവിധായികയായ ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പിന്നീട് കൂടുതല്‍ അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് കൈമാറുകയായിരുന്നു.
കുറ്റകൃത്യം നടന്നതായി പറയുന്ന സമയം പി ടി കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിയുടെ സമീപത്തു നിന്ന് പരാതിക്കാരി തിടുക്കത്തില്‍ നടന്ന് വരുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതെല്ലാം തെളിവായി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് കന്റോണ്‍മെന്റ് പോലിസ് ചുമത്തിയിരിക്കുന്നത്.
തനിക്കെതിരായ പരാതി വ്യാജമെന്നായിരുന്നു പി ടി കുഞ്ഞുമുഹമ്മദിന്റെ വാദം. 25 വര്‍ഷമായി പൊതുരംഗത്തുള്ള ആളാണ് താനെന്നും ഒരാളോടും മോശമായി പെരുമാറിയിട്ടില്ലെന്നും അവര്‍ തെറ്റിദ്ധരിച്ചതാകാമെന്നുമായിരുന്നു പി ടി കുഞ്ഞുമുഹമ്മദിന്റെ വിശദീകരണം.
