പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; റെയില്‍വേയില്‍ തെളിവെടുപ്പുനടത്തി പോലിസ്

Update: 2025-11-16 10:01 GMT

തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നു തള്ളിയിട്ട സംഭവം പുനരാവിഷ്‌കരിച്ച് റെയില്‍വേ പോലിസ്. പ്രതിയെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ കേരള എക്‌സ്പ്രസ്സിന്റെ അതേ കോച്ചിലെത്തിച്ചാണ് തെളിവെടുപ്പു നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ വാതില്‍ പടിയിലിരുന്ന പെണ്‍കുട്ടിയെയും സുഹൃത്തിനെയും ചവിട്ടി താഴേക്കിട്ടെന്ന് പ്രതി പോലിസിനോട് വിശദീകരിച്ചു.

ട്രെയിനില്‍ കയറുന്നതിനു മുന്‍പ് പ്രതി മദ്യപിച്ച കോട്ടയത്തെ ബാറിലെത്തിച്ചും അന്വേഷണസംഘം തെളിവെടുപ്പു നടത്തിയിരുന്നു. വഞ്ചിയൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാലു ദിവസത്തേക്കാണ് പ്രതിയെ റെയില്‍വേ പോലിസിന്റെ കസ്റ്റഡിയില്‍ വിട്ടത്. നാളെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാകാനിരിക്കെ പ്രതിയുമായി പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ് പോലിസ്. ഉടനെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനും നീക്കമുണ്ട്.

അതേസമയം, സംഭവത്തിലെ പ്രധാന സാക്ഷിയായ അതിഥി തൊഴിലാളിയെ അന്വേഷണസംഘം കണ്ടെത്തി. പ്രതിയെ കീഴ്‌പ്പെടുത്തുകയും പെണ്‍കുട്ടിയുടെ സുഹൃത്തിനെ രക്ഷിക്കുകയും ചെയ്ത അതിഥി തൊഴിലാളിയെ അന്വേഷിച്ച് പോലിസ് മുന്‍പ് പരസ്യം നല്‍കിയിരുന്നു. കേസ് അന്വേഷണത്തില്‍ സാക്ഷിയായി അതിഥി തൊഴിലാളിയുടെ മൊഴിയും നിര്‍ണായകമാകും.