പോലിസ് അതിക്രമം; പോലിസുകാര്‍ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റുകളാണെന്ന് എംഎല്‍എ എന്‍ ഷംസുദ്ദീന്‍

Update: 2025-09-16 07:54 GMT

തിരുവനന്തപുരം: ഒരുപാട് ഒറ്റപ്പെട്ട സംഭവങ്ങള്‍ ചേര്‍ന്നുതന്നെയാണ് വലിയ സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് മുസ് ലിംലീഗ് എംഎല്‍എ ഷംസുദ്ദീന്‍ സഭയില്‍. ഇവിടെയുള്ളത് ജനമൈത്രി അല്ലെന്നും ഗുണ്ടാമൈത്രിയാണെന്നും അടിയന്തര പ്രമേയത്തില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. എല്ലായ്‌പ്പോഴും എന്ത് പ്രശ്‌നം ഉയര്‍ത്തികാണിച്ചാലും അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് മുഖ്യമന്ത്രി പറയുക. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ എങ്ങനെയാണ് വലിയ സംഭവങ്ങളാകുന്നത് എന്ന് നമ്മള്‍ കണ്ടുവെന്നും ഷംസുദ്ദീന്‍ വ്യക്തമാക്കി.

ചെവി അടിച്ചുപൊട്ടിക്കുന്ന ഇഎന്‍ടി സ്‌പെഷ്യലിസ്റ്റുകളാണ് ഇവിടെയുള്ള പോലിസുകാര്‍ എന്നും അദ്ദേഹം പറഞ്ഞു. പോലിസും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം പൊളിഞ്ഞു. പൂരം കലക്കല്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ അജിത് കുമാറിന്റെ നിലപാട് നമ്മള്‍ കേട്ടതാണ്. നിങ്ങള്‍ തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും മനസിലായതാണ്. പോലിസിനെ ഉപയോഗിച്ച് സാധാരണക്കാരെ അടിച്ചൊതുക്കുന്ന രീതിയാണ് ഇവിടെയുള്ളത്. പോലിസിനെ കൊണ്ട് നിങ്ങള്‍ നിങ്ങള്‍ക്കനുകൂലമായ പണിയെടുപ്പിക്കുമ്പോള്‍, നിങ്ങള്‍ അവരുടെ തോന്നിവാസവും അംഗീകരിക്കേണ്ടിവരും.

താമിര്‍ ജിഫ്രിയടക്കമുള്ളവരുടെ കേസ് പുറത്തുവന്നപ്പോള്‍ നിങ്ങള്‍ പോലിസിനെ പൊതിഞ്ഞു പിടിക്കുന്ന നിലപാടാണ് എടുത്തത്. എന്നാല്‍ ഒടുക്കം സിബിഐ അന്വേഷിച്ചപ്പോള്‍ പോലിസിനെതിരേ കേസെടുക്കേണ്ടിവന്നു. വടക്കാഞ്ചേരിയില്‍ പോലിസ് കെഎസ്‌യു പ്രവര്‍ത്തകരെ പിടിച്ചു കൊണ്ടുപോയത് അജ്മല്‍ കസബിനെ കൊണ്ടുപോകുന്ന പോലെയാണ്. എസ്എഫ്‌ഐക്കാര്‍ക്ക് തലോടലും കെഎസ്‌യുക്കാര്‍ക്ക് തല്ലലും എന്ന രീതി ആണ് സര്‍ക്കാര്‍ സമീപനം എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: