പോലിസ്‌ അതിക്രമം; കെഎസ് യു ഡിഐജി ഓഫീസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം; നേതാക്കള്‍ അറസ്റ്റില്‍

Update: 2025-09-16 10:21 GMT

തിരുവനന്തപുരം: കെഎസ് യുനേതാക്കളെ വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത് കൈവിലങ്ങും മുഖംമൂടിയും അണിയിച്ച് ഭീകരവാദികളോടെന്ന പോലെ പെരുമാറിയ കേരള പോലീസിന്റെ നടപടിയിലും നേതാക്കളെ മര്‍ദ്ദിക്കുന്നതിനും വീട്ടില്‍ കയറി ഗുണ്ടായിസം കാണിക്കുന്നതിനും നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

ഡിസിസി ഓഫീസില്‍ നിന്നും പ്രകടനമായി എത്തിയ മാര്‍ച്ച് ഡി.ഐ.ജി ഓഫീസ് റോഡില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഉദ്ഘാടന പ്രസംഗത്തിനിടെ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നും പിരിഞ്ഞു പോകാന്‍ തയ്യാറാവാതിരുന്ന പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറെ നേരം സംഘര്‍ഷമുണ്ടായി. നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് ശ്രമം പ്രവര്‍ത്തകര്‍ ചെറുത്തു.ഏറെ നേരത്തെ ബലപ്രയോഗത്തിന് ശേഷം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്,ജില്ലാ പ്രസിഡണ്ട് എം.സി അതുല്‍ ഉള്‍പ്പെടെയുള്ള പോലീസ് വാഹനത്തില്‍ കയറ്റിയപ്പോള്‍ വാഹനം മുന്നോട്ടെടുക്കാന്‍ സമ്മതിക്കാതെ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് ടൗണ്‍ എസ്.എച്ച്.ഒ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘം എത്തി മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

മാര്‍ച്ച് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എം സി അതുല്‍ അധ്യക്ഷത വഹിച്ചു.നേതാക്കളായ ആഷിത്ത് അശോകന്‍,കാവ്യ കെ,അര്‍ജുന്‍ കോറോം,അലക്‌സ് ബെന്നി,അക്ഷയ് മാട്ടൂല്‍,എബിന്‍ കേളകം,വൈഷ്ണവ് അരവഞ്ചാല്‍,മുബാസ് സി എച്ച്,നവനീത് ഷാജി,അര്‍ജുന്‍ ചാലാട്,തീര്‍ത്ത നാരായണന്‍,പ്രകീര്‍ത്ത് മുണ്ടേരി,അഹമ്മദ് യാസീന്‍,വൈഷ്ണവ് ധര്‍മ്മടം,സൂര്യതേജ്,ഹരികൃഷ്ണന്‍ പൊറോറ,നിഹാല്‍ എ പി,വിവേക് പാലയാട്,ചാള്‍സ് സണ്ണി, അഭിജിത്ത് കാപ്പാട്, അജേഷ് എസ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags: