പോലിസിനെ ബോംബെറിഞ്ഞ കേസ്; പ്രതിയായ പയ്യന്നൂരിലെ സിപിഎം കൗണ്‍സിലറുടെ പരോള്‍ നീട്ടി
കണ്ണൂര്‍: പോലിസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ പയ്യന്നൂരിലെ സിപിഎം കൗണ്‍സിലര്‍ വി കെ നിഷാദിന്റെ പരോള്‍ നീട്ടി നല്‍കി ജയില്‍ ഡിജിപി. ഈ മാസം 11 വരെയാണ് പരോള്‍ കാലാവധി നീട്ടിയത്. പയ്യന്നൂരില്‍ പോലിസിനു നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് വി കെ നിഷാദ്. ആറു ദിവസം കൂടിയാണ് പരോള്‍ നീട്ടിയത്.
കഴിഞ്ഞമാസം 26നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നിഷാദിന് ആറു ദിവസത്തെ പരോള്‍ അനുവദിച്ചത്. ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ പരോള്‍ അനുവദിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ പരോള്‍ കാലാവധി അവസാനിച്ചതോടെയാണ് ജയില്‍ ഡിജിപി തന്നെ പരോള്‍ വീണ്ടും അനുവദിച്ചത്.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിഷാദ് പയ്യന്നൂര്‍ മുനിസിപ്പാലിറ്റി മൊട്ടമ്മല്‍ വാര്‍ഡില്‍ നിന്ന് സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ചിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്ത് കൗണ്‍സിലറായി അധികാരമേല്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടി ആറു ദിവസത്തെ പരോളിന് അനുമതി തേടിയത്. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ പരോള്‍.