'പിടിച്ചെടുത്ത സ്വര്‍ണം പോലിസ് നിയമവിരുദ്ധമായി ഉരുക്കുന്നു, കേസുകള്‍ കൈമാറുന്നില്ല'; കരിപ്പൂര്‍ സ്വര്‍ണവേട്ടയില്‍ പോലിസിനെതിരേ കസ്റ്റംസ്

Update: 2025-11-20 08:00 GMT

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണവേട്ടയില്‍ പോലിസിനെതിരേ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കസ്റ്റംസ്. കോഴിക്കോട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണറാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കസ്റ്റംസ് ഏരിയയില്‍ സ്വര്‍ണം പിടിക്കാന്‍ പൊലീസിന് അധികാരമില്ലെന്നും സ്വര്‍ണക്കടത്ത് വിവരം ലഭിച്ചാല്‍ പോലിസ് കസ്റ്റംസിനെ അറിയിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

പിടിച്ചെടുത്ത സ്വര്‍ണം പോലിസ് നിയമവിരുദ്ധമായി ഉരുക്കുന്നു. മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങാതെ പോലിസ് വ്യക്തികളുടെ എക്സറേ എടുക്കുന്നു. പോലിസിന്റെ ഈ നടപടി നിയമവിരുദ്ധം. പോലിസ് പിടിച്ച സ്വര്‍ണക്കടത്ത് കേസുകള്‍ കസ്റ്റംസിന് കൈമാറുന്നില്ല എന്നും സത്യവാങ്മൂലത്തിലുണ്ട്.

കരിപ്പൂര്‍ പോലിസ്സ്റ്റേഷനില്‍ സ്വര്‍ണം പിടിച്ച 170 കേസുകളുണ്ടെന്നും എന്നാല്‍ അതില്‍ ആറെണ്ണം മാത്രമാണ് കസ്റ്റംസിന് കൈമാറിയതെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. പലപ്പോഴും പോലിസിന്റെ ഇത്തരം നടപടികള്‍ കസ്റ്റംസ് അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും കസ്റ്റംസ് വ്യക്തമാക്കി.

Tags: