പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന്: രണ്ട് പോലിസുകാര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ
തിരുവനന്തപുരം: പത്തനംതിട്ടയില്‍ പതിനാറുകാരി പീഡനത്തിന് ഇരയായെന്ന കേസിലെ ആരോപണ വിധേയന് വേണ്ടി കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച് തിരുവല്ല ഡിവൈഎസ്പി നന്ദകുമാര്‍, ആറന്മുള സിഐ പ്രവീണ്‍ എന്നിവര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ. യുഡിഎഫ് ഭരണകാലത്തെ ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡറായ നൗഷാദ് തോട്ടത്തിലിനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടിക്ക് ശുപാര്‍ശ. പരാതി ലഭിച്ചയുടന്‍ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നും സുപ്രിംകോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടാന്‍ സമയം നല്‍കിയെന്നുമാണ് ആരോപണം. കേസ് അട്ടിമറിച്ചതില്‍ കോന്നി ഡിവൈഎസ്പി ആയിരുന്ന രാജപ്പന്‍ റാവുത്തറയും സിഐ ശ്രീജിത്തിനെയും പത്തനംതിട്ട സിഡബ്ല്യുസി ചെയര്‍മാനെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാന്‍ എത്തിയ അഭിഭാഷകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. 2024 ആഗസ്റ്റില്‍ പരാതി കിട്ടിയെങ്കിലും കേസെടുക്കാന്‍ കോന്നി പോലിസ് മൂന്നുമാസം സമയമെടുത്തു. പിന്നീട് പേരിന് ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു ആറന്മുള പോലിസിന് കൈമാറി. ആറന്‍മുള പോലിസും പ്രതിയെ പിടികൂടാന്‍ ശ്രമിച്ചില്ലെന്നാണ് ആരോപണം.