മഞ്ചേരി: പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചശേഷം സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിക്ക് 38 വര്‍ഷം കഠിനതടവും 4.95 ലക്ഷം രൂപ പിഴയും ശിക്ഷ. പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവ് മണലിയില്‍ വീട്ടില്‍ എം സരൂണിനെ (20)യാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്. ബാലിക സംരക്ഷണ നിയമപ്രകാരം പ്രകാരം 10 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഗുരുതരമായ ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകല്‍, വസ്ത്രാക്ഷേപം എന്നിവക്ക് അഞ്ച് വര്‍ഷംവീതം കഠിനതടവും 50,000 രൂപവീതം പിഴയുമടക്കണം. ഇതിനുപുറമെ വിവിധ വകുപ്പുകളിലായി 13 വര്‍ഷവും തടവിനും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍മതി. പിഴ അടച്ചില്ലെങ്കില്‍ വിവിധ വകുപ്പുകളിലായി ഒരുവര്‍ഷം അധിക തടവും അനുഭവിക്കണം.
പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമില്‍നിന്ന് കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി. 31 സാക്ഷികളെ വിസ്തരിച്ചു. 33 രേഖകളും ഹാജരാക്കി. 2020ലാണ് കേസിന് ആസ്പദമായ സംഭവം. അരീക്കോട് പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. പ്രതി പെണ്‍കുട്ടിയെ പ്രണയംനടിച്ച് വിവിധ സ്ഥലങ്ങളില്‍കൊണ്ടുപോയി പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും അപഹരിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അരീക്കോട് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസ്, എ ഉമേഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
