സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ പോക്‌സോ കേസ് പ്രതി; വിശദീകരണം തേടി മന്ത്രി
തിരുവനന്തപുരം: ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥി ആയി പങ്കെടുത്ത സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി റിപോര്‍ട്ട് തേടി. പോക്‌സോ കേസില്‍ പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം നായരാണ് തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്. കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നുമുള്ള കേസില്‍ ഇയാള്‍ക്കെതിരേ പോലിസ് ഏപ്രിലില്‍ കേസെടുത്തിരുന്നു. ഈ കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുകേഷ് നായര്‍ ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്. അതേസമയം, മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും സ്‌കൂളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിക്കിടയില്‍ മുകേഷിനെ കൊണ്ടുവന്നതെന്നുമാണ് പ്രധാന അധ്യാപകന്‍ പ്രതികരിച്ചത്.