ഇന്ധന വിതരണത്തില്‍ സ്ഥിരതയ്ക്കായി പിഎന്‍ജി; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം

Update: 2026-03-29 05:04 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ഗാര്‍ഹിക ഇന്ധന മേഖലയില്‍ സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് പൈപ്പ് നാച്ചുറല്‍ ഗ്യാസ് (പിഎന്‍ജി) ശൃംഖല വിപുലീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജ്യത്തുടനീളം 50 ലക്ഷം പുതിയ പിഎന്‍ജി കണക്ഷനുകള്‍ നല്‍കുകയാണ് പ്രധാന ലക്ഷ്യം. എല്‍പിജി ഉപയോഗത്തില്‍ നിന്ന് പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിലേക്ക് ഉപഭോക്താക്കളെ മാറ്റാന്‍ സംസ്ഥാനങ്ങള്‍ പ്രോല്‍സാഹന പദ്ധതികള്‍ നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥകള്‍ എല്‍പിജി ഇറക്കുമതിയും വിതരണ ശൃംഖലയും ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കപ്പല്‍ഗതാഗതത്തെ ആശ്രയിക്കുന്ന എല്‍പിജി വിതരണത്തില്‍ ഉണ്ടാകുന്ന അനിശ്ചിതത്വങ്ങള്‍ ഒഴിവാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാതെ ഇന്ധനം ലഭ്യമാക്കുന്നതിനുമാണ് പിഎന്‍ജി ശൃംഖല ശക്തിപ്പെടുത്തുന്നത്. പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ കേന്ദ്ര മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ഗെയില്‍ ഉള്‍പ്പെടെയുള്ള പ്രമുഖ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍, പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നിലവില്‍ ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ഇന്ധനമായി പിഎന്‍ജിയെ കേന്ദ്രം വിലയിരുത്തുന്നു. ഗതാഗത ചെലവ് കുറയ്ക്കുന്നതിനൊപ്പം, വിതരണത്തിലെ തടസ്സങ്ങള്‍ കുറയ്ക്കാനും ഇത് സഹായകരമാകുമെന്ന് വിലയിരുത്തുന്നു. പൂര്‍ണ്ണമായും എല്‍പിജിക്ക് പകരമാകാത്തതിനാല്‍, നിലവിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പൂരക സംവിധാനമായാണ് പിഎന്‍ജി വ്യാപനം സര്‍ക്കാര്‍ കാണുന്നത്.

Tags: