സൈനികരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി

Update: 2025-05-13 08:01 GMT

ന്യൂഡല്‍ഹി: പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെയാണ് മോദി ആദംപൂര്‍ എയര്‍ബേസില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വ്യോമസേനാംഗങ്ങള്‍ക്കൊപ്പം ഒരു മണിക്കൂറോളം അദ്ദേഹം ചെലവഴിച്ചു.

വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനങ്ങളുടെ താവളമാണ് ആദംപൂര്‍ വ്യോമതാവളം. വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച യുദ്ധവിമാന പൈലറ്റുമാരെയും സാങ്കേതിക സഹായ ജീവനക്കാരെയും പ്രധാനമന്ത്രി മോദി കണ്ടു. സന്ദര്‍ശനത്തെ പ്രത്യേക അനുഭവം എന്നാണ് മോദി എക്‌സില്‍ കുറിച്ചത്.

'ഇന്ന് രാവിലെ ഞാന്‍ എ എഫ് എസ് ആദംപൂരില്‍ പോയി നമ്മുടെ ധീരരായ സൈനികരെ കണ്ടു. ധൈര്യം, ദൃഢനിശ്ചയം, നിര്‍ഭയത്വം എന്നിവയുടെ പ്രതീകമായ അവരോടൊപ്പമായിരിക്കാന്‍ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധ സേന ചെയ്യുന്ന എല്ലാത്തിനും ഇന്ത്യ എന്നും നന്ദിയുള്ളവരാണ്,' മോദി എക്‌സില്‍ പങ്കുവച്ചു. മറ്റു എയര്‍ബേസുകളും മോദി സന്ദര്‍ശിക്കുമെന്നാണ് സൂചനകള്‍.

Tags: