പിഎംശ്രീ ഇടനില വിവാദം; ഫണ്ട് കിട്ടാന്‍ ഇനിയും ഇടപെടുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

Update: 2025-12-04 07:28 GMT

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിലെ ഇടനില വിവാദത്തില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി. ചര്‍ച്ച നടത്താനാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ കണ്ടതെന്നും ഫണ്ടിനു വേണ്ടി ഇനിയും ഇടപെടുമെന്നും ബ്രിട്ടാസ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആവശ്യം തുടര്‍ന്നും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി ബന്ധമുള്ളത് കോണ്‍ഗ്രസിനാണെന്നും ബ്രിട്ടാസ് കൂട്ടിചേര്‍ത്തു. പിഎംശ്രീയില്‍ ഒപ്പിടേണ്ട വിഷയം സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്നുള്ള കാര്യമാണെന്നും അതില്‍ എംപിക്കൊന്നും ചെയ്യാനില്ലെന്നും ഫണ്ട് കിട്ടാന്‍ വേണ്ടിയാണ് ഇടപെട്ടതെന്നും ബ്രിട്ടാസ് പറഞ്ഞു. കേന്ദ്രമന്ത്രി പറഞ്ഞത് സത്യം തന്നെയെന്നും പലതവണ മന്ത്രിയെ കണ്ടിട്ടുണ്ടെന്നും മധ്യസ്ഥം വഹിച്ചത് കേരളത്തിന് വേണ്ടിയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞതാണ് വിവാദത്തിന് തുടക്കമായത്. ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്രമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

സര്‍വ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്നും മന്ത്രി വെളിപ്പെടുത്തി. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. സംസ്ഥാന സര്‍ക്കാരിലെ ആഭ്യന്തര തര്‍ക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ പറയുകയായിരുന്നു.

Tags: