പിഎം ശ്രീ കരാറില്‍ സര്‍ക്കാര്‍ ഒപ്പിട്ടത് ഒക്ടോബര്‍ 17ന്; സിപിഐ മന്ത്രിമാരെ അറിയിച്ചില്ല
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം ഒക്ടോബര്‍ പതിനാറിന് തയ്യാറാക്കി പതിനേഴിന് ഒപ്പിട്ടു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ വാസുകിയും സമഗ്ര ശിക്ഷാ കേരള ഡയറക്ടര്‍ എ ആര്‍ സുപ്രിയയും ചേര്‍ന്നാണ് ധാരണാപത്രം ഡല്‍ഹിയില്‍ എത്തിച്ചത്. കെ വാസുകിക്ക് പുറമേ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ജോയിന്റ് സെക്രട്ടറി ധീരജ് സാഹുവാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഡറക്ടര്‍ പ്രീതി മീന, സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ചിത്ര എസ് എന്നിവരാണ് സാക്ഷികളായി ഒപ്പുവെച്ചിരിക്കുന്നത്. ഒക്ടോബര്‍ 22ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വിഷയം ഉയര്‍ത്തിയെങ്കിലും ആരും വിശദീകരണം നല്‍കിയില്ല.
പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം പ്രകാരം ധാരണാപത്രം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമാണ് അവകാശം. പദ്ധതിയിലെ ഏതുമാറ്റത്തിനും കേന്ദ്ര അംഗീകാരം വേണമെന്നും ധാരണാപത്രം പറയുന്നു. ഫണ്ട് നല്‍കുന്നത് പൂര്‍ണമായും കേന്ദ്ര നയമനുസരിച്ചാകും എന്നും വ്യക്തമാക്കുന്നുണ്ട്. ഒരു സ്‌കൂളിന് പിഎം ശ്രീ എന്ന പേരു നല്‍കിയാല്‍ അത് പീന്നീട് മാറ്റാനാകില്ല. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പാക്കുമെന്നും മുഴുവന്‍ സംസ്ഥാനത്തിനും ഇത് ബാധകമാണെന്നും പറഞ്ഞാണ് ധാരണാപത്രത്തിലെ നിബന്ധനകള്‍ തുടങ്ങുന്നത്.
