പിഎം ശ്രീ: വിട്ടുവീഴ്ചയ്ക്കില്ല; വിട്ടുനില്‍ക്കും- സിപിഐ
പിണറായി വിജയന്‍-ബിനോയ് വിശ്വം കൂടിക്കാഴ്ച പൂര്‍ത്തിയായി, മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ വിട്ടുനില്‍ക്കും
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍ മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കും. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയനീക്കം തള്ളിക്കൊണ്ടാണ് പിഎം ശ്രീയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന കടുത്ത തീരുമാനവുമായി സിപിഐ മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ആലപ്പുഴയില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള നിര്‍ണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്.
പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് സിപിഎം ഈ നിലപാടിലെത്തിയത്. അതേസമയം, തുടര്‍ നടപടികളില്‍ തിടുക്കം കാണിക്കേണ്ടെന്നും സെക്രട്ടറിയേറ്റില്‍ തീരുമാനിച്ചു. ഉദ്യോഗസ്ഥ തലത്തിലെ ഫയല്‍ നീക്കത്തില്‍ തിടുക്കം കാണിക്കില്ല. പദ്ധതി നടപ്പാക്കേണ്ട സ്‌കൂളുകളുടെ പട്ടിക ഉടന്‍ കൈമാറില്ല. പദ്ധതി നടപ്പാക്കാന്‍ മേല്‍നോട്ട സമിതിയെ നിയോഗിക്കും. ഉടന്‍ എല്‍ഡിഎഫ് യോഗം ചേരും. എല്‍ഡിഎഫ് യോഗത്തിനുശേഷം സബ് കമ്മിറ്റി ഉള്‍പ്പെടെ തീരുമാനിക്കാനും തീരുമാനിച്ചു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 16നായിരുന്നു പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം തയ്യാറാക്കിയത്. ഒക്ടോബര്‍ 23ന് ധാരണാപത്രം ഒപ്പിട്ട് കൈമാറി. ഇതിനുമുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയോ വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല. ഇതാണ് സിപിഐയെ ചൊടിപ്പിച്ചത്. അമര്‍ഷം പരസ്യമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് വാര്‍ത്തയിലൂടെ മാത്രമാണ് അറിഞ്ഞതെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. സിപിഐ ഇടഞ്ഞതോടെ അനുനയ നീക്കവുമായി സിപിഐ ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് ആദ്യം രംഗത്തെത്തിയത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായി എം എ ബേബി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കടുത്ത അതൃപ്തി അറിയിച്ച രാജ, സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചെന്നും ആരോപിച്ചിരുന്നു.

