പിഎം ശ്രീ പദ്ധതി; കാര്യങ്ങള്‍ ശുഭപ്രതീക്ഷയിലേക്കാണ് എത്തുന്നതെന്ന് ഡി രാജ
ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതിയില്‍ കാര്യങ്ങള്‍ ശുഭപ്രതീക്ഷയിലേക്കാണ് എത്തുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ധാരണാപത്രം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ വിശദീകരിക്കും. സിപിഎമ്മും സിപിഐയും ഒരുപോലെ ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം നടത്തും. ധാരണാപത്രത്തില്‍ ഒപ്പിട്ട സ്ഥിതിക്ക് അതില്‍ നിന്ന് പിന്‍വാങ്ങുന്ന കാര്യങ്ങള്‍ പരിശോധിക്കും. കേന്ദ്രം പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചാല്‍ അപ്പോള്‍ അക്കാര്യത്തില്‍ ആലോചന നടത്തുമെന്നും ഡി രാജ പറഞ്ഞു.
മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കടുത്ത നടപടിയിലേക്ക് സിപിഐ കടക്കുമെന്നിരിക്കെയാണ് സിപിഎമ്മിന്റെ നിര്‍ണായക നീക്കമുണ്ടായത്. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്നായിരുന്നു സിപിഐ മുന്നോട്ട് വച്ച പ്രധാന ഉപാധി. ഈ ഉപാധിക്കാണ് ഇപ്പോള്‍ സിപിഎം വഴങ്ങിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കത്തിന്റെ കരട് സിപിഎം തയാറാക്കി സിപിഐ നേതൃത്വത്തിന് കൈമാറുകയായിരുന്നു. മലയാളത്തിലുള്ള കത്ത് ഡി രാജ സിപിഐ സംസ്ഥാന നേതൃത്വത്തിന് കൈമാറി.കേന്ദ്രത്തിന് നല്‍കുന്ന കത്ത് സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കണമെന്നും കത്ത് പരസ്യപ്പെടുത്തണമെന്നും സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
