'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം എന്നത് വലിയ കാര്യമൊന്നുമല്ല'; ഇപ്പോഴത്തെ വിഷയം വോട്ട് മോഷണമാണെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷമായി വംശീയ കലാപത്തിന്റെ ദുരിതം അനുഭവിക്കുന്ന മണിപ്പൂരിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം എന്നത് 'വലിയ കാര്യമല്ല' എന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി മോദി മണിപ്പൂര്‍ സന്ദര്‍ശനത്തിനൊരുങ്ങവെയാണ് പ്രതികരണം. ഇപ്പോഴത്തെ വിഷയം വോട്ട് മോഷണവുമായി ബന്ധപ്പെട്ടതാണെന്നും അല്ലാതെ മണിപ്പൂരിലെ വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.മണിപ്പൂര്‍ വളരെക്കാലമായി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും അന്നൊന്നും പ്രധാനമന്ത്രി എന്ന നിലയ്ക്ക മോദി സന്ദര്‍ശനം നടത്തിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലെ കെഷോദ് വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
2023 മെയ് മാസത്തിലാണ് മണിപ്പൂരില്‍ പ്രക്ഷോപം നടക്കുന്നത്. അന്നൊന്നും അവിടെ ഒന്നുസന്ദര്‍ശിക്കാന്‍ താല്‍പര്യം കാണിക്കാത്ത പ്രധാനമന്ത്രിയുടെ സംസ്ഥാന സന്ദര്‍ശനത്തിന് ഇപ്പോള്‍ വലിയ പ്രാധാന്യമൊന്നും നല്‍കേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിചേര്‍ത്തു.
അതേസമയം, പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനം എന്നത് വെറുമൊരു സന്ദര്‍ശനമല്ല,വികസന പദ്ധതികള്‍ പ്രഖ്യാപിക്കുക കൂടി ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് ബിജെപിയുടെ വാദം. 8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. ഇതില്‍ 7300 കോടി കുക്കി ഗോത്ര മേഖലകളിലായിരിക്കും. 1200 കോടിയുടെ പദ്ധതി മെയ്‌തെയ് മേഖലകളിലും നടപ്പാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. മിസോറം തലസ്ഥാനമായ ഐസോളില്‍നിന്നു കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പുരിലെത്തുന്ന മോദി പിന്നീട് മെയ്‌തെയ് ഭൂരിപക്ഷ മേഖലയായ ഇംഫാലിലെ കാഗ്ല കോട്ടയിലുമെത്തുമെന്നാണ് റിപോര്‍ട്ടുകള്‍.
അതേസമയം, ഇപ്പോഴും മണിപ്പൂരില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ചിരാചന്ദ് പൂരില്‍ പോലിസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടി. കലാപം നടന്ന് രണ്ട് വര്‍ഷത്തിനുശേഷം മോദി ആദ്യമായി മണിപ്പൂരില്‍ എത്തുമ്പോഴും സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിനായിട്ടില്ല എന്നത് പ്രധാന പ്രശ്‌നമായി തന്നെ പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടികാണിക്കുന്നുണ്ട്.മോദിയുടെ സന്ദര്‍ശനം ബഹിഷ്‌ക്കരിക്കാനാണ് ഇവിടുത്തെ സംഘടനകളുടെ ആഹ്വാനം.
