വര്‍ക്കലയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍

17 കാരിയായ ശിവകാമിയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

Update: 2026-02-13 14:05 GMT

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെട്ടൂര്‍ നെടുങ്കണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ശിവകാമി(17)യെയാണ് വെട്ടൂര്‍ അമ്മന്‍നടക്ക് സമീപം വീടിനുള്ളില്‍ക തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റഡി ലീവ് ആയതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ മാതാവ് രാജിയാണ് ശിവകാമിയെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

മരണകാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലിസ് അറിയിച്ചു. പരീക്ഷാ സമ്മര്‍ദ്ദമാണോ അതോ മറ്റ് കാരണങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലിസ് പരിശോധിച്ചുവരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.