ക്ലാസില്‍ പഠിപ്പിച്ചത് പൂര്‍ണമായി എഴുതിയെടുത്തില്ല; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചു

Update: 2026-01-15 06:07 GMT

മയ്യനാട്: ക്ലാസില്‍ പഠിപ്പിച്ച പാഠങ്ങള്‍ പൂര്‍ണമായി എഴുതിയെടുക്കാത്തതിനെ തുടര്‍ന്ന് 11ാം ക്ലാസ് വിദ്യാര്‍ഥിയെ ട്യൂട്ടോറിയല്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചു. മയ്യനാട് സ്വദേശികളായ രതീഷ് കുമാറിന്റെയും സൗമ്യയുടെയും മകനായ സൗരഭിനാണ് മര്‍ദനമേറ്റത്. സൗരഭ് വെള്ളമണല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയാണ്

മേവറം വിങ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രധാന അധ്യാപകന്‍ തൗഫീഖാണ് വിദ്യാര്‍ഥിയെ ചൂരല്‍കൊണ്ട് മര്‍ദിച്ചതെന്നാണ് പരാതി. സ്‌കൂളിലെ എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സൗരഭിന് പനി ബാധിച്ചതിനെ തുടര്‍ന്ന് ട്യൂഷനില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് സ്‌കൂളില്‍ പോകാതെ കുട്ടിയെ മുഴുവന്‍ സമയവും ട്യൂഷനിലേക്ക് അയച്ചിരുന്നു. ഇതിനിടെയാണ് ക്ലാസില്‍ പഠിപ്പിച്ച ഭാഗങ്ങള്‍ പൂര്‍ണമായി എഴുതിയില്ലെന്നാരോപിച്ച് അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. മര്‍ദനത്തില്‍ കൈക്ക് പരിക്കേറ്റ സൗരഭിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കും ഇരവിപുരം പോലിസിനും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: