എറണാകുളം ജങ്ഷനില്‍ പ്ലാറ്റ്ഫോം നവീകരണം; ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

Update: 2026-03-17 05:00 GMT

കൊച്ചി: എറണാകുളം ജങ്ഷന്‍(സൗത്ത്) റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മാര്‍ച്ച് 17 മുതല്‍ 26 വരെയാണ് നിയന്ത്രണം. ഇതോടെ നിരവധി സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. കൊച്ചിയിലേക്കും തിരിച്ചുമുള്ള മെമു, പാസഞ്ചര്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ പലതും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ മുന്‍കൂട്ടി വിവരങ്ങള്‍ മനസ്സിലാക്കി യാത്ര ക്രമീകരിക്കണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

പാലക്കാട് നിന്ന് രാവിലെ 7.20ന് പുറപ്പെടുന്ന പാലക്കാട്-എറണാകുളം മെമു(66609) മാര്‍ച്ച് 18 മുതല്‍ 26 വരെ ആലുവയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഉച്ചക്ക് 2.45ന് പുറപ്പെടേണ്ട എറണാകുളം-പാലക്കാട് മെമു(66610) 26 വരെ ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. മാര്‍ച്ച് 17 മുതല്‍ ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍(56317) ഇടപ്പള്ളിയിലും, കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിലും യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്(16304) ഈ ദിവസങ്ങളില്‍ കോട്ടയം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ വഞ്ചിനാട് എക്‌സ്പ്രസ് സര്‍വീസ് ഉണ്ടായിരിക്കില്ല.

വടക്കന്‍ കേരളത്തിലേക്കുള്ള യാത്രക്കാരെയും നിയന്ത്രണം ബാധിക്കും. രാവിലെ ആറിന് പുറപ്പെടേണ്ട എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16305) എറണാകുളത്തിന് പകരം ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. എറണാകുളത്തിനും ആലുവയ്ക്കും ഇടയില്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്തില്ല. കൂടാതെ, ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന എംജിആര്‍ ചെന്നൈ-ആലപ്പുഴ ഡെയ്‌ലി എക്‌സ്പ്രസ്(22639) മാര്‍ച്ച് 25 വരെ 30 മിനിറ്റ് വൈകിയായിരിക്കും ഓടുക. പ്ലാറ്റ്ഫോം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സര്‍വീസുകള്‍ പഴയപടിയാക്കാനാണ് റെയില്‍വേയുടെ തീരുമാനം.