''വിവാഹ സത്കാരത്തില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കിക്കൂടെ?'' : ഹൈക്കോടതി

Update: 2025-03-07 16:02 GMT

കൊച്ചി: വിവാഹ സത്കാര ചടങ്ങുകളില്‍ നിന്നു പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കിക്കൂടേയെന്നു ഹൈക്കോടതി. ചെറിയ പ്ലാസ്റ്റിക് കുപ്പികള്‍ പ്രകൃതിയെ നശിപ്പിക്കുകയാണെന്നും പ്ലാസ്റ്റിക് വെള്ളക്കുപ്പി നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പാക്കാനാകുമെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗത്തിനു തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. സല്‍ക്കാര ചടങ്ങുകളില്‍ അര ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിനു നിരോധനമുണ്ടെന്നും മലയോര മേഖലയില്‍ പ്ലാസ്റ്റിക് നിരോധനം പരിഗണനയിലുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി കോടതിയെ അറിയിച്ചു.